ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവിലാക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്ന് അദ്ദേഹം ടീറ്റ് ചെയ്തു
മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.
India’s democracy is damaged when GOI illegally detains political leaders.
It’s high time Mehbooba Mufti is released.
— Rahul Gandhi (@RahulGandhi) August 2, 2020
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. എട്ട് മാസത്തോളം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഏപ്രില്‍ 7 മുതല്‍ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.