മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസ് മുന്നില്‍; കുടിശ്ശിക വരുത്തിയ 2426 പേരുടെ പട്ടിക പുറത്ത്

മുംബൈ: മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസ് അടക്കമുള്ള വായ്പ കുടിശ്ശിക വരുത്തിയ 2426 പേരുടെ പട്ടിക പുറത്ത് വിട്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. 147350 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാതെ വായ്പ കുടിശിക വരുത്തിയവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. സെന്‍ട്രല്‍ റിപോസിറ്ററി ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ പട്ടിക പുറത്തിറക്കിയിട്ടുള്ളത്. 500കോടി രൂപയിലധികം കുടിശ്ശികയുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്.

4644 കോടിയുടെ കുടിശ്ശികയാണ് മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസിനുള്ളത്. എബിജി ഷിപ്പ്യാര്‍ഡ്-1875 കോടി, റേയ് അഗ്രോ-2423കോടി, രുചി സോയ ഇന്‍ഡസ്ട്രീസ് 1618 കോടി, ഗില്ലി ഇന്ത്യ1447 കോടി,വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി 2918 കോടി, കുഡോസ് കെമി 1810 കോടി, നക്ഷത്ര ബ്രാന്‍ഡ്‌സ് 1109 കോടി, കിംഗ്ഫിഷര്‍ എയര്‍ലൈന്‍ 586 കോടി എന്നിവയാണ് പട്ടികയിലെ പ്രമുഖര്‍.

ആവശ്യമായ സമ്പത്തുണ്ടായിട്ടും വായ്പ കുടിശ്ശിക വരുത്തിയ ഇക്കൂട്ടത്തില്‍ പ്രമുഖ കമ്പനികളുമുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്നും ബാങ്കുകള്‍ക്ക് ഈ ബാധ്യത വഹിക്കേണ്ട കാര്യമെന്താണെന്നും സി എച്ച് വെങ്കടാചലം ചോദിക്കുന്നു.

കേസുമായി മുന്നോട്ട് പോകാതെ ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വത്തുണ്ടായിട്ടും മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവരാണ് ഇവര്‍. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കണം. ന്യായമായ കാരണങ്ങള്‍ മൂലം കുടിശ്ശിക വരുത്തിയവരില്‍ നിന്ന് വിഭിന്നമാണ് ഇവരുടെ കാര്യമെന്നും സി എച്ച് വെങ്കിടാചലം പറയുന്നു.

Top