ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൂര്‍ണ പിന്തുണയുമായി ആന്റിഗ്വ.
ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് വിദേശകാര്യമന്ത്രി എവര്‍ലി പോളാണ് ഇത് സംബന്ധിച്ച കാര്യം വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ അറിയിച്ചിരിക്കുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 73ാമത് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇരുവിദേശകാര്യമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് എവര്‍ലി പിന്തുണയറിയിച്ചത്.
ആന്റിഗ്വ ഭരണകൂടവും പ്രധാനമന്ത്രിയും മെഹുല്‍ ചോക്‌സി വിഷയത്തിലെ ഇന്ത്യന്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. എത്രയും വേഗം വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് ആന്റിഗ്വയും താത്പര്യപ്പെടുന്നതെന്നും അവിടുത്തെ നിയമങ്ങളും കോടതി നടപടികളും പൂര്‍ത്തിയാക്കി ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് എവര്‍ലി പോള്‍ വ്യക്തമാക്കിയതായും രവീഷ് കുമാര്‍ അറിയിച്ചു.