ഗുവാഹത്തി: മേഘാലയിലെ ഖനിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഭീക്ഷണിയായി ജലനിരപ്പ് ഉയരുന്നു. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെ ഒരാളെ പോലും കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍. 70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്.
മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്. അതേസമയം സാധാരണക്കാരായ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
ജീവനോടെയോ അല്ലാതെയോ ഒരാളെ പോലും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടം വഹിക്കുന്ന എസ് കെ ശാസ്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കാത്തിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത ഖനനം നടന്ന ഖനിയിലാണ് അപകടമുണ്ടായിരിക്കുന്നത്.