ജിദ്ദ: ഒമാനില്‍ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ റൂബുല്‍ഖാലി മരുഭൂമി മേഖലയില്‍ തടാകങ്ങള്‍ രൂപപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്.
റൂബുല്‍ഖാലി മേഖലയിലെ അല്‍ഖരീര്‍, തബ്‌ലത്തൂന്‍, ഉമ്മുല്‍ മല്‍ഹ് എന്നിവിടങ്ങളിലാണ് പ്രധാനമായും തടാകങ്ങള്‍ ഉണ്ടായത്. സൗദിഅറേബ്യ-ഒമാന്‍-യമന്‍ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തി മേഖലയായ ഈ ഭാഗം മരുഭൂമി സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. ഇവിടങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ എടുത്ത ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമിയായ റൂബുല്‍ഖാലിയിലെ താല്‍കാലിക തടാകങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത കാഴ്ച ഒരു മാസത്തിനുള്ളില്‍ ഇവിടങ്ങളില്‍ പുല്ലും മറ്റു ചെറുസസ്യങ്ങളും മുളക്കാന്‍ ഇടയാക്കുന്നതാണ്. രണ്ടു വര്‍ഷത്തേക്ക് ഒട്ടകങ്ങള്‍ക്ക് മേയാനുള്ള വക ഇതുവഴി ലഭിക്കുമെന്നും മരുഭൂമിവാസികള്‍ പറയുന്നു.