ഇന്ത്യയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ യുഎസ് ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് ഡല്‍ഹി ഗവണ്‍മെന്റ് സ്‌കൂളില്‍ സന്ദര്‍ശനത്തിന് എത്തിയേക്കും. ദേശീയ തലസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് കെജ്രിവാള്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ‘ഹാപ്പിനസ് ക്ലാസ്’ നേരില്‍ കണ്ടറിയാനാണ് ഈ വരവ്.
ഫെബ്രുവരി 25നാണ് മെലാനിയ ട്രംപ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികള്‍ സന്ദര്‍ശിക്കുക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്‌കൂള്‍ സന്ദര്‍ശനത്തില്‍ മെലാനിയയെ സ്വാഗതം ചെയ്യാനെത്തും. ഇതാദ്യമായാണ് യുഎസ് ഫസ്റ്റ് ലേഡി ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നത്. ഉന്നതതല സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.
മെലാനിയ ട്രംപ് ഒരു ഹാപ്പിനസ് ക്ലാസില്‍ പങ്കെടുത്ത് എങ്ങനെ സഹവസിക്കാമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതി നേരില്‍ കണ്ടറിയും. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു മണിക്കൂറെങ്കിലും ഇവര്‍ ചെലവഴിക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുമ്പോഴാണ് മെലാനിയയുടെ സ്‌കൂള്‍ പരിപാടി.
ഫെബ്രുവരി 24ന് ഡല്‍ഹിയില്‍ എത്തുന്ന ഡൊണാള്‍ഡ് ട്രംപും, മെലാനിയയും ഗുജറാത്തിലെ മൊട്ടേറാ സ്റ്റേഡിയം ഉദ്ഘാടനത്തില്‍ പങ്കെടുക്കും. അഹമ്മദാബാദില്‍ നിന്നും ആഗ്രയിലേക്കും പിന്നീട് തലസ്ഥാനത്തേക്കും അദ്ദേഹം തിരിച്ചെത്തും. ഫെബ്രുവരി 25ന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പും നല്‍കും. മഹാത്മാ ഗാന്ധിയുടെ സമാധിയായ രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാണ് സുപ്രധാനമായ ട്രംപ്‌മോദി ചര്‍ച്ചകള്‍ നടക്കുക.