വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി; പുതിയ മേല്‍ശാന്തി ശബരിമലയില്‍ നട തുറന്നു

പത്തനംതിട്ട: വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി. പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നു.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ മുതല്‍ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി പിഎന്‍ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടര്‍ന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ നടന്നു. മണ്ഡല കാല തീര്‍ത്ഥാടനത്തിനായി നട ഇന്നലെ തുറന്നെങ്കിലും പ്രത്യേക പൂജകള്‍ ഒന്നുമുണ്ടായിരുന്നില്ല.

ഡിസംബര്‍ 26 നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുക. 27 ന് മണ്ഡല പൂജ നടക്കും. 27 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

Top