ആല്‍ബറി: ബിഗ് ബാഷ് മത്സരത്തിനിടെ പാഡ് അണിയാതെ ബാറ്റിംഗിനെത്തി മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ്. സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലാണ് സംഭവം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മെല്‍ബണ്‍ നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുത്ത് എല്ലാവരും പുറത്തായിരുന്നു. ഗ്ലെന്‍ മാക്സ്വെല്‍ നയിക്കുന്ന ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ബ്യൂ വെബ്സറ്ററുടെ (59) ഇന്നിംഗ്സായിരുന്നു.
മത്സരത്തില്‍ മെല്‍ബണ്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിന്റെ ജയമാണ് സിഡ്നി സ്വന്തമാക്കിയത്. 18.2 ഓവറില്‍ അവര്‍ മത്സരം പൂര്‍ത്തിയാക്കി. 40 റണ്‍സ് നേടിയ അലക്സ് ഹെയ്ല്‍സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (30), ഒലിവര്‍ ഡേവിസ് (23), ഡാനിയേല്‍ സാംസ് (22) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു.സാംസിനൊപ്പം നതാന്‍ മക്ആന്‍ഡ്ര്യൂ (13) പുറത്താവാതെ നിന്നു. ബ്യൂ വെബ്സ്റ്റര്‍ മെല്‍ബണ് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിജയിപ്പിക്കാനായില്ല. ഹാരിസ് മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി.
മാക്സ്വെല്ലും (30) മികച്ച പ്രകടനം പുറത്തെടുത്തിരുന്നിരുന്നു. എന്നാല്‍ ശേഷമെത്തിയവരില്‍ കാര്‍ട്ട്വെയ്റ്റ് (22) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് വാലറ്റത്തെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതോടെ അവസാനക്കാരനായ ഹാരിസ് റൗഫിനും (0) ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നു. എന്നാല്‍ സഹതാരങ്ങള്‍ പെട്ടന്ന് മടങ്ങിയതോടെ താരത്തിന് തയ്യാറായി നില്‍ക്കാനുള്ള സമയം ലഭിച്ചില്ല. ഇതോടെ പാഡ് ധരിക്കാതെ ഗ്രൗണ്ടിലേക്ക് ഇറങ്ങേണ്ടി വന്നു. ഗ്ലൗസ് ഇടാന്‍ പോലും താരത്തിന് സമയം കിട്ടിയില്ല. എന്നാല്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടിവന്നില്ല. അവസാന പന്ത് നേരിട്ടത് ലിയാം ഡ്വസണ്‍ ആയിരുന്നു.