ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം.ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയെ കൂടി വിമര്‍ശിച്ചായിരുന്നു പ്രതിഷേധം.
ലോക്‌സഭയില്‍ എഎം ആരിഫ്, തോമസ് ചാഴിക്കാടന്‍, വിജയകുമാര്‍, കവിത സിംഗ് എന്നീ നാല് പ്രതിപക്ഷ എംപിമാര്‍ പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടപടിയെടുക്കുമെന്ന് ഇവര്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തെ കൊലചെയ്യുകയാണ് സര്‍ക്കാരും സ്പീക്കറുമെന്ന് എംപിമാരുടെ മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ 11.45 വരെ സഭ നടപടികള്‍ നിര്‍ത്തിവച്ചു.