അംഗത്വം എടുത്തത് സ്ഥാനത്തിന് വേണ്ടിയല്ല, അവസാന ശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരും; ദിഗ്വിജയ സിങ്

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തളളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ്. ദിഗ്വിജയ സിങിന്റെ രാജി എന്ന പേരില്‍ ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്. ഏറെ വര്‍ഷങ്ങളായി താന്‍ കോണ്‍ഗ്രസിലുണ്ടെന്നും അവസാന ശ്വാസം വരെയും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നുണ പറയുന്നതില്‍ വിദഗ്ധരാണ്. 1971-ലാണ് താന്‍ കോണ്‍ഗ്രസ് അംഗത്വം എടുത്തത്. കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്ഥാനത്തിന് വേണ്ടിയല്ല, പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസില്‍ തുടരും. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയതായും ദിഗ്വിജയ സിങ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശ പാര്‍ട്ടി അവഗണിച്ചതിനാല്‍ ദിഗ്വിജയ സിങ് രാജിവെക്കുന്നു എന്നാണ് ദിഗ്വിജയ സിങിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡിന്റെ മാതൃകയിലുള്ള പേപ്പറില്‍ എഴുതിയ കത്തില്‍ പറയുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ഈ കത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. ദിഗ്വിജയ സിങ് ഭോപ്പാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐപിസി 469, 501 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Top