അനശ്വര ഗായകന്‍ മുഹമ്മദ് റാഫി ഓര്‍മ്മയായിട്ട് 36 വര്‍ഷം. റാഫി മറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ആസ്വാദക മനസില്‍ നിത്യഹരിതമായി നില്‍ക്കുന്നു റാഫിയുടെ ഗാനങ്ങള്‍.
പകരം വെക്കാനാകാത്ത നിരവധി ഗാനങ്ങള്‍ക്ക് ശബ്ദസാന്നിധ്യം നല്‍കിയ റാഫി അനശ്വരതയിലേക്ക് മടങ്ങിയപ്പോള്‍ ആ വിടവ് ഇന്നും നികത്താനായിട്ടില്ല. ഇന്ത്യന്‍ ഗാനശാഖക്ക് പാട്ടിന്റെ പാലാഴി തീര്‍ത്തായിരുന്നു മുഹമ്മദ് റാഫി അനശ്വരതയിലേക്ക് യാത്രയായത്.
ഭാഷകള്‍ക്ക് അതീതമായി ആത്മാവ് തൊട്ടറിഞ്ഞ ആ ഗാനമാധുര്യം കാലത്തിനും ദേശത്തിനുമപ്പുറം വരെ ഒഴുകിയെത്തി. ബോംബെ രവി അടക്കമുള്ള സംഗീത സംവിധായകരുടെ ആത്മാവിഷ്‌കാരങ്ങള്‍ക്ക് ജീവസുറ്റ ശബ്ദസാന്നിധ്യം നല്‍കാന്‍ റാഫിക്കായി. അമൃതസറിലെ കോട്‌ല സൂത്താന്‍ പൂരിനടുത്ത് 1924 ല്‍ ജനനം.
ചെറുപ്പകാലം മുതലെ സംഗീതത്തോട് താല്‍പര്യം കാട്ടിയ റാഫി ഉസ്താദ് ബഡേഗുലാം അലികാന്‍ ഉസ്താദ്, അബ്ദുള്‍ വാഹിദ് ഖാന്‍ എന്നിവരില്‍ നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചു. പതിമൂന്നാം വയസില്‍ അപ്രതീക്ഷിതമായാണ് റാഫി വേദിയില്‍ എത്തുന്നത്.
മുഹമ്മദ് റാഫിയുടെ സംഗീത മാധുരി തിരിച്ചറിഞ്ഞ ശ്യാം സുന്ദറാണ് പിന്നണി ഗാന രംഗത്തേക്ക് റഫിയെ എത്തിക്കുന്നത്. ഗായിക സീനത്ത് ബീഗത്തിനൊടൊപ്പമായിരുന്ന അരങ്ങേറ്റം.
1944-ഓടെ തട്ടകം മുബൈയിലേക്ക്. ഒരു വര്‍ഷത്തിനു ശേഷം ആദ്യഗാനം ‘ഗാവോം കീ ഗോരി’ എന്ന സിനിമയില്‍. ‘യേ ദുനിയാ യെ മെഹ്ഫില്‍,’ ‘ക്യാ ഹുവാ തേരാ വാദാ,’ ‘ബഹാരോം ഫൂല്‍ ബര്‍സാവോ,’ ‘തേരെ മേരെ സപ്‌നെ അബ് ഏക് രംഗ് ഹെ,’ ‘പര്‍ദാ ഹെ പര്‍ദാ’ തുടങ്ങി റഫി പാടി കൊതിപ്പിച്ചുപോയ പാട്ടുകള്‍ അനവധി. 1977 ല്‍ ആദ്യത്തെ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും റാഫിയുടെ കൈകളിലെത്തിച്ചത് ‘ഹം കിസീ സെ കം നഹി’ എന്ന സിനിമയിലെ ‘ക്യാ ഹുവാ തേരാ വാദാ’ എന്ന ഗാനമായിരുന്നു.
1945ല്‍ ലൈലാ മജ്‌നു എന്ന ചിത്രത്തിലെ തേര ജല്‍വ ജിസ് നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു. നൗഷാദുമൊത്ത് അനേകം ചിത്രങ്ങള്‍ക്ക് കോറസ് പാടിയിട്ടുണ്ട്. മേരേ സപ്‌നോം കീ റാണി, സൈഗാളിന്റെ കീഴില്‍ പാടിയ ഷാജഹാന്‍(1946) എന്ന ചിത്രത്തിലെ രൂഹി, രൂഹി തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം.
എന്നാല്‍ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ അന്മോള്‍ ഖാഡി(1946) എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക് എന്ന ഗാനത്തോടെയാണ്. നൂര്‍ ജഹാനുമൊത്തുള്ള 1947ല്‍ പുറത്തിറങ്ങിയ ജുഗ്‌നു എന്ന ചിത്രത്തിലെ യഹാന്‍ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി.
ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ നിരവധി നിത്യഹരിത ഗാനങ്ങള്‍ക്ക് ശബ്ദമാധുരി നല്‍കി. 1980 ജൂലൈമുപ്പത്തി ഒന്നിന് മൂന്നര പതിറ്റാണ്ട് നീണ്ട സംഗീതയാത്രയ്ക്ക് വിരാമമിട്ട് റാഫി യാത്രയായപ്പോള്‍ ബാക്കിയായത് കാലാതി വര്‍ത്തിയായ ഒരു പടി നല്ല ഗാനങ്ങളാണ്.