ന്യൂഡല്‍ഹി : മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോണ്ട, ഗൗതം വിഹാര്‍ ചൗക്ക് പ്രദേശങ്ങളില്‍ എഎപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയിലാണ് മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി ഉയര്‍ന്നത്. കെജ്‌രിവാള്‍ പങ്കെടുത്ത യോഗം തടസപ്പെടുത്താനെത്തിയ ചിലരാണ് മോദിയുടെ പേര് ഉച്ചത്തില്‍വിളിച്ച് ബഹളം ഉണ്ടാക്കിയത്.
പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആര്‍പ്പുവിളി കേട്ട് ഒരുനിമിഷം നിശബ്ദനായെങ്കിലും, പെട്ടെന്നുതന്നെ സമനില വീണ്ടെടുത്ത് കെജ്‌രിവാള്‍ പറഞ്ഞു മോദിക്കു ജയ് വിളിച്ചാല്‍ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കില്‍ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാന്‍ ഞാനും കൂടാം. മോദി, മോദി എന്ന് ആവര്‍ത്തിച്ചു വിളിച്ചാല്‍ വിശപ്പു മാറില്ല. ചിലയാളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 23നാണ് ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എഎപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച ഗോവയിലാകട്ടെ, പാര്‍ട്ടിക്കു സീറ്റൊന്നും നേടാനായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ പ്രസക്തി നിലനിര്‍ത്താന്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപിക്കു വിജയം നേടിയെ മതിയാകൂ.