ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളിയെ ചൈന തൂക്കിലേറ്റി

ബെയ്ജിങ്ങ്: ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളിയെ തൂക്കിലേറ്റി. പതിനൊന്നോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജിയോ ചെങ്ങ്യോങ്ങ് (54) എന്നയാളെയാണ്‌ ചൈനീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റിയത്. ചൈനയില്‍ ‘ചാക്ക് ദ റിപ്പര്‍’എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ മുപ്പത് വര്‍ഷങ്ങളോളമായ് കൊലപാതക പരമ്പരകള്‍ നടത്തി വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജിയോയെ തൂക്കി കൊല്ലാന്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 1988 ലാണ് ജിയോ ആദ്യമായി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള കാലയളവില്‍ ജാന്‍സു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്ത് പേര്‍ ജിയോയുടെ കൊടും ക്രൂരതക്ക് ഇരകളായി.

ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ പിന്തുടരുക. ഇവരുടെ വീടുകളെത്തി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു പതിവ്. കൊലപാതക ശേഷം മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. ജിയോയുടെ പീഡനത്തിന് ഇരയായവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസ്സുകാരി പെണ്‍കുട്ടിയാണ്. സ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പ്രതിയെ കണ്ടെത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തത്.

Top