‘ജനിച്ചത് അഹങ്കാരിയായി, പാവങ്ങളെ പുച്ഛം’! മേനോന്റെ വിക്കിപീഡിയ പേജില്‍ എട്ടിന്റെ പണി

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്. നേരത്തെ നിരവധി പ്രമുഖര്‍ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ സംവിധായകന്റെ വിക്കിപീഡിയ പേജിലും പ്രതിഷേധക്കാര്‍ ‘പണി’ കൊടുത്തു. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ വിക്കിപീഡിയ പേജിലെ വ്യക്തി ജീവിതം എന്ന ടാബിന് കീഴിലെ വിവരങ്ങള്‍ തിരുത്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ പേജിലെ വിവരങ്ങള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

‘അഹങ്കാരിയായി ജനിച്ചു. കുറച്ച് മൂവി കിട്ടിയപ്പോള്‍ തനി ജാതി ചിന്ത പൊങ്ങി വന്നു. പാവങ്ങളെ പുച്ഛമായി. അഹങ്കാരമെന്ന് പറഞ്ഞാല്‍ അത് അനില്‍ രാധാകൃഷ്ണനാണ്. പാവങ്ങളെ പുച്ഛമാണ്. ഒരു വന്‍ ദുരന്തമാണ്. നാണംകെട്ട അനിലിന് ഫേസ്ബുക്ക് ആന്റ് ഓള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കിട്ടുന്നുണ്ട്. ബിനീഷ് എന്ന ആക്ടറിനെ പുച്ഛമാണ്.’- ഇങ്ങനെ നീളുന്നു വിവരണം.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കോളജ് ഡേയില്‍ മുഖ്യാതിഥിയായി ബിനീഷ് ബാസ്റ്റിനെയും മാഗസിന്‍ പ്രകാശനത്തിനായി അനില്‍ രാധാകൃഷ്ണന്‍ മേനോനെയുമായിരുന്നു സംഘാടകര്‍ ക്ഷണിച്ചത്. എന്നാല്‍ നടന്‍ ഇരിക്കുന്ന വേദിയിലേക്ക് വന്ന് വേദി പങ്കിടാന്‍ ഒരുക്കമല്ല എന്ന് അനില്‍ രാധാകൃഷ്ണന്‍ സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ വേദിയില്‍ കയറി സ്റ്റേജിലെ തറയില്‍ അമര്‍ന്നിരുന്ന് തന്റെ പ്രതിഷേധം അറിയിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. ഞാന്‍ മേനോനല്ല. നാഷണല്‍ അവാര്‍ഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത് എന്ന് വികാരാധീതനായി ബിനീഷ് പറഞ്ഞു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയില്‍ തുറന്ന് വായിക്കുകയും ചെയ്തു.

Top