കോളേജിലെ ആര്‍ത്തവ പരിശോധന; അന്വേഷണ സംഘം രൂപീകരിച്ച് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണ സമിതി രൂപീകരിച്ചു. സംഭവത്തില്‍ കോളേജ്‌ ട്രസ്റ്റിയില്‍ നിന്നും പ്രിന്‍സിപ്പാളില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു. കോളജിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിയാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.

ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഒരു ക്ഷേത്രത്തിനു സമീപത്താണ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാള്‍ ശുചിമുറിയില്‍ കൊണ്ടുപോയി ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്. മറ്റ് അധ്യാപകരും പരിശോധനയില്‍ പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു.

Top