ഈ പൂച്ച എന്താ പറയുന്നെ? ഇനി ‘മിയോടാക്ക്’ പറഞ്ഞു തരും

മൃഗങ്ങള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ അതെന്തിനാണെന്ന് മനസില്ലാവാതെ കിളി പോയി ഇരിക്കുന്നവരാണ് നമ്മളില്‍ പലരും. വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളുടെ ഓരോ സംസാരവും മനസിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ടാകും. ഇതിനൊരു ചെറിയ പ്രതിവിധിയുമായെത്തിയിരിക്കുകയാണ് ആക്വെലോണ്‍ എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജേവിയര്‍ സച്ചേസ്. പൂച്ചയുടെ ശബ്ദം മനസിലാക്കാന്‍ കഴിയുന്ന ആപ്പുമായി എത്തിയിരിക്കുകയാണ് ഡെവലപ്പര്‍. വീട്ടിലെ ഓമനപ്പൂച്ചകള്‍ ‘മ്യാവൂ മ്യാവൂ’ ശബ്ദത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഈ ആപ്പ് ഉപയോഗപ്പെടുമെന്നാണ് ആപ്പിന് പിന്നിലുള്ളവര്‍ പറയുന്നത്.

 

പൂച്ചയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് 13 രീതിയിലുള്ള മൊഴിമാറ്റമാണ് ആപ്പിലൂടെ നടക്കുക. പൂച്ചയുടെ ഓരോ കരച്ചിലും ഉടമസ്ഥനോട് കൃത്യമായ സന്ദേശം നല്‍കാനുള്ളതാണെന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആപ്പ് നിര്‍മ്മിച്ചത്. ‘മിയോടാക്ക്’ എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം ആപ്പ് കൃത്യമായ പരിഭാഷ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂച്ചകള്‍ കരയുന്നത് മനുഷ്യ ശബ്ദത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കോളര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് ആ ആപ്പ് നിര്‍മ്മിച്ചത്.

 

കൊവിഡ് വ്യാപനം മൂലം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്ന ഈ സമയത്ത്, ഒപ്പമുള്ള വളര്‍ത്തുപൂച്ച പറയുന്നത് എന്താണെന്ന് മനസിലാക്കുന്നത് നേട്ടമാണെന്നാണ് ആപ്പിനേക്കുറിച്ച് ജേവിയര്‍ സച്ചേസ് പറയുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആപ്പിന്റെ നിര്‍മ്മാണ ഘട്ടത്തിലായതിനാല്‍ തന്നെ ചെറിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂസും ആപ്പിന് ലഭിക്കുന്നുണ്ട്. എന്നാല്‍ നിരവധിപ്പേരാണ് ആപ്പ് വളരെയധികം സഹായിക്കുന്നുവെന്ന് പ്രതികരിച്ചത്.

Top