കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുമായി മെഴ്സേഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയിലേക്ക്!

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സേഡസ് ബെന്‍സ് ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഓട്ടോ മൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തില്‍ മെഴ്സേഡസ് ബെന്‍സ് ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് കമ്പനി ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈദ്യുത വാഹനം അവതരിപ്പിച്ച ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളാണ് മെഴ്സേഡസ് ബെന്‍സ്. ഇക്യുസി എന്ന ഇലക്ട്രിക് എസ്യുവിയാണ് നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ആഗോളതലത്തില്‍ അടുത്ത മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 22 മോഡലുകള്‍ അവതരിപ്പിക്കുമെന്നും ഇവയില്‍ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്നതായും സന്തോഷ് അയ്യര്‍ പറഞ്ഞു. ഇക്യുഎസ് ഉള്‍പ്പെടെ ഇവയില്‍ ഏതെല്ലാം വാഹനങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് ആലോചിക്കുകയാണെന്നും ഇന്ത്യന്‍ വിപണിയില്‍ വൈകാതെ കൂടുതല്‍ മോഡലുകള്‍ തീര്‍ച്ചയായും അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജിഎല്‍എ അടിസ്ഥാനമാക്കി നിര്‍മിച്ച ഇക്യുഎ, ജിഎല്‍ബി അടിസ്ഥാനമാക്കി നിര്‍മിച്ച ഇക്യുബി എന്നീ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ കൂടാതെ വി ക്ലാസ് അടിസ്ഥാനമാക്കിയ ഇക്യുവി വാന്‍, ഫ്ളാഗ്ഷിപ്പ് മോഡലായ ഇക്യുഎസ് എന്നിവയാണ് നിലവില്‍ ആഗോളതലത്തില്‍ മെഴ്സേഡസ് ബെന്‍സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍. നിലവിലെ എസ് ക്ലാസ് അടിസ്ഥാനമാക്കി സെഡാന്‍, വരാനിരിക്കുന്ന ജിഎല്‍എസ് അടിസ്ഥാനമാക്കി എസ്യുവി എന്നീ രണ്ട് ബോഡി സ്റ്റൈലുകളില്‍ ഇക്യുഎസ് വിപണിയിലെത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ പരിഗണിക്കുന്നതായി മെഴ്സേഡസ് ബെന്‍സ് ഇന്ത്യ പറയുന്നുണ്ടെങ്കിലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും പുതിയ ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇക്യുഎസ് അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഇവി കൊണ്ടുവരാന്‍ പദ്ധതിയില്ലെന്ന് സന്തോഷ് അയ്യര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

Top