Mercedes brasel plate car

പുണെ: ബ്രസീലില്‍ മെഴ്‌സിഡീസ് ബെന്‍സ് അടുത്തിടെ തുറന്ന പാസഞ്ചര്‍ കാര്‍ പ്ലാന്റിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത് ഇന്ത്യയില്‍. പുണെയിലെ ചകനിലുള്ള മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ പ്ലാന്റില്‍ ആയിരുന്നു പരിശീലനം. 2015 സപ്തംബര്‍ മുതല്‍ നവംബര്‍ വരെ പരിശീലനം നീണ്ടു. ബ്രസീലിലെ മെഴ്‌സിഡീസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള ചുമതല കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന് നല്‍കിയതില്‍ അഭിമാനമുണ്ടെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.

മഴ്‌സിഡീസ് ബെന്‍സിന്റെ ലോകത്തെ മികച്ച പ്ലാന്റുകളിലൊന്നാണ് പുണെയിലേത്. സി ക്ലാസ് കാറുകളാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുന്നത്. നേരത്തെ വിയറ്റ്‌നാം പ്ലാന്റിലെ ജീവനക്കാര്‍ക്കും മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ പരിശീലനം നല്‍കിയിരുന്നു. ബോഡി ഷോപ്പ്, പെയിന്റ് ഷോപ്പ്, അസംബ്ലി, ലോജിസ്റ്റിക്‌സ്, പ്ലാനിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ ബ്രസീലിലെ ജീവനക്കാര്‍ക്ക് നല്‍കിയത്.

മെഴ്‌സിഡീസ് ബെന്‍സ് കാര്‍ നിര്‍മ്മാണം ലോകവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ബ്രസീലിലും അവര്‍ പുതിയ പ്ലാന്റ് തുടങ്ങിയത്. സി ക്ലാസ് സലൂണുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 23 നായിരുന്നു. ഇന്ത്യയ്ക്കും ബ്രസീലിനും പുറമെ ഇന്‍ഡോനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് മെഴ്‌സിഡീസ് പ്ലാന്റുകളുള്ളത്.

Top