മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന വ്യവസായം ഉള്‍പ്പെടെ സകല മേഖലകളും പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ കാലത്തും മികച്ച വില്‍പ്പന നേടിയിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ്. ഈ കാലയളവില്‍ 2386 യൂണിറ്റ് വില്‍പ്പനയുമായാണ് ബെന്‍സ് നേട്ടം കൈവരിച്ചത്. 2020 ജനുവരി-മാര്‍ച്ച് കാലയളവില്‍ 2386 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചതെന്നാണ് വിവരം.
കൊവിഡ്-19 മഹാമാരി മൂലം നിലവിലെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ശക്തമായ വിപണി വെല്ലുവിളികള്‍ നേരിടേണ്ടിവരുമ്പോഴും കമ്പനി ഇത്രയും വില്‍പ്പന കൈവരിച്ചു. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ഈ കണക്ക് കൈവരിക്കാനായത് നേട്ടമാണെന്നാണ് കമ്പനി പറയുന്നത്.
കൊറോണ വൈറസ് മൂലമുണ്ടായ നിലവിലെ സാഹചര്യം കാരണം, 2019 അവസാനത്തോടെ തന്നെ മെഴ്സിഡസ് ബെന്‍സ് ഇത് ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോം ശക്തിപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇതാണ് കമ്പനിക്ക് ഗുണകരമായത്. 2020 ജനുവരിയില്‍ ജിഎല്‍ഇ പുറത്തിറക്കി കമ്പനി പുതിയ കാര്‍ ലോഞ്ചുകള്‍ ആരംഭിച്ചു, തുടര്‍ന്ന് ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോ 2020 -ല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വരാനിരിക്കുന്ന വാഹന നിരയും പ്രദര്‍ശിപ്പിച്ചിരുന്നു.
തങ്ങള്‍ 2020 ആരംഭിച്ചത് ഉയര്‍ന്ന പ്രതീക്ഷയിലാണെന്നും നിലവിലുള്ളതും പുതുതായി അവതരിപ്പിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ കൊവിഡ്-19 സാഹചര്യം മൂലം വില്‍പന പൂര്‍ണ്ണമായും നിര്‍ത്തുന്നതുവരെ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു എന്നും മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് അഭിപ്രായപ്പെട്ടു.