താനെയില്‍ അസിസ്റ്റന്റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി; 3 വിരലുകള്‍ മുറിച്ചുമാറ്റി

താനെ : മഹാരാഷ്ട്രയിലെ താനെയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നേരെ കച്ചവടക്കാരന്റെ ആക്രമണം. ഗോദ്ബന്ദര്‍ പ്രദേശത്താണ് സംഭവം. പച്ചക്കറി വില്‍പ്പനക്കാരനായ അമര്‍ജിത് യാദവ് മഞ്ചവാട അസിസ്റ്റന്റ് കമ്മിഷണര്‍ കല്‍പിത പിമ്പിളിനെ ആക്രമിയ്ക്കുകയും കൈ വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.

പ്രതിയെ കാസര്‍വാദ്വാലി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വിനയ് റാത്തോഡ് അറിയിച്ചു.

അനധികൃത കെട്ടിട നിര്‍മാണത്തിനും വഴിവാണിഭക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനിടെയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനും പരിക്കേറ്റു.

പൊലീസുകാരിയുടെ മൂന്ന് വിരലുകളാണ് മുറിച്ചുമാറ്റിയത്. ഗോദ്ബന്ദറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ അനധികൃത നിര്‍മാണങ്ങളും വഴിയോര കച്ചവടങ്ങളും അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്.

 

 

Top