ജിഎസ്ടി വെബ്‌സൈറ്റ് തകരാറില്‍ ; റിട്ടേണ്‍ സമര്‍പ്പിക്കാനാകാതെ വ്യാപാരികള്‍

പാലക്കാട്: ജനങ്ങളെ വീണ്ടും വെട്ടിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി പദ്ധതി.

ജിഎസ്ടി വെബ്‌സൈറ്റ് തകരാറിലായതോടെ റിട്ടേണ്‍ സമര്‍പ്പിക്കാനാകാതെ വലയുകയാണ് വ്യാപാരികള്‍.

അതേസമയം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ വന്‍ തുക പിഴ അടക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ജൂലൈ മുതലുള്ള റിട്ടേണുകള്‍ അടക്കാനാകാത്ത സാഹചര്യമാണ്‌.

പിഴ അടയ്‌ക്കേണ്ടതില്ലെന്ന് ജിഎസ്ടി കൗണ്‍സിലില്‍ അറിയിച്ചിരുന്നെങ്കിലും പിഴ അടയ്ക്കണമെന്ന സന്ദേശം വ്യാപാരികള്‍ക്കു ലഭിക്കുന്നുണ്ട്.

സംസ്ഥാനത്ത് 2,63,985 വ്യാപാരികളാണ് ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജിഎസ്ടിആര്‍–ഒന്ന്, രണ്ട്, മൂന്ന് എന്നീ മൂന്നു പ്രക്രിയകളിലൂടെയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.

വില്‍പന വിവരങ്ങള്‍ അയക്കാനുള്ളതാണ് ജിഎസ്ടിആര്‍ ഒന്ന്.കച്ചവടക്കാര്‍ വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അയക്കാനുള്ളതാണ് ജിഎസ്ടിആര്‍ രണ്ട്.

മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ചു നല്‍കുന്ന മൂന്നാമത്തെ പ്രക്രിയയോടെയാണ് ജിഎസ്ടി റിട്ടേണ്‍ പൂര്‍ണമാകുക.

എന്നാല്‍ ആദ്യ പ്രക്രിയായ ജിഎസ്ടിആര്‍ ഒന്ന് സംസ്ഥാനത്ത് 60 % വ്യാപാരികള്‍ മാത്രമാണു പൂര്‍ത്തിയാക്കിയത്.

വെബ്‌സൈറ്റ് തകരാര്‍ ചൂണ്ടിക്കാണിച്ചു വ്യാപാരി സംഘടനകള്‍ കേന്ദ്ര ധനമന്ത്രിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വിവരം.

Top