ഓഖി ദുരന്തത്തില്‍ യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന്‌ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന്‌ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

സംസ്ഥാനത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതായിരുന്നു കേരളത്തിന്റെ പാരമ്പര്യമെന്നും, എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിഴിഞ്ഞത്തു ചെന്നപ്പോള്‍ വളരെ നല്ല രീതിയിലാണ് മത്സ്യതൊഴിലാളികള്‍ സ്വീകരിച്ചതെന്നും, പള്ളിക്കകത്ത് അവരുമായി സംസാരിച്ചെന്നും, മത്സ്യതൊഴിലാളികള്‍ പറഞ്ഞതെല്ലാം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടെന്നും, ചര്‍ച്ച സമാധാനപരമായിരുന്നെന്നും, എന്നാല്‍ തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിനടുത്ത് നിന്ന ഏതാനും ചിലരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മാത്രമല്ല, അവിടുത്തെ കോണ്‍ഗ്രസ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു അതിന് കളമൊരുക്കിയതെന്നും, മന:പ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്നും, മത്സ്യതൊഴിലാളികളായിരുന്നില്ല അതിനു പിന്നിലെന്നും, മത്സ്യതൊഴിലാളികളുടെ വികാര പ്രകടനത്തില്‍ തെല്ലും പരിഭവമില്ലെന്നും, അവര്‍ക്ക് അവരുടെ മന്ത്രിമാരോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Top