തിരുവനന്തപുരം: ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ പ്ലാനുകള്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം ഹ്രസ്വകാല പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കി അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഓരോപ്രദേശത്തും പഞ്ചായത്ത് അടിസ്ഥനത്തില്‍ വോളന്റിയര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. ജനങ്ങളെ നേരിട്ട് പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. വീട് വൃത്തിയാക്കല്‍, കിണറ് ശുചീകരിക്കല്‍ എന്നിവയൊക്കെ ജനപങ്കാളിത്തത്തോടെ നടക്കുകയാണ്. ഇത്തരത്തിലാണ് കേരളം അടിയന്തര സാഹചര്യത്തെ നേരിടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ നേരിട്ട് ഇടപെട്ടത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നന്നായി നടന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വീടുകളുടെ പുനര്‍ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. അടുത്ത മന്ത്രിസഭായോഗത്തിലും ഇതേ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കടല്‍ത്തീരത്ത് നിന്ന് 50 മീറ്റര്‍ അകലത്തില്‍ വീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പുഴകളുടെ തീരത്തു നിന്നും സുരക്ഷിത അകലത്തില്‍ വീട് വയ്ക്കുന്നതിനൊപ്പം അടിയന്തര അഭയകേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. റോഡുകളും പാലങ്ങളും എല്ലാം എത്രയും വേഗം ഉയരത്തില്‍ നിര്‍മ്മിയ്ക്കും. വിവിധ ഏജന്‍സികളുടെ അടക്കം സഹായം ഇതിനായി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.