മത്സ്യത്തൊഴിലാളികള്‍ക്കെതിരെയുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കില്ലന്ന് മന്ത്രി

mercykutty amma

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തുകയില്‍ കാലതാമസം വരുത്തുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി മത്സ്യബന്ധനോപകരണങ്ങള്‍ നീക്കം ചെയ്തവര്‍ക്കും ചെമ്മീന്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്കാനുള്ള തുക മുഴുവനായും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇനിയും കൈമാറിയിട്ടില്ല.

കൂടാതെ കണ്ടെയ്‌നര്‍ റോഡിനായി സ്ഥലമെടുത്തതിന്റെ തുകയും ഭൂവുടമകള്‍ക്ക് നല്കിയിട്ടില്ല. ഈ കാലവിളംബം അനുവദിക്കാനാവില്ല. പോര്‍ട്ട്ട്രസ്റ്റിന്റെ ചെയര്‍മാനും സെക്രട്ടറിയുമായി ഇതുസംബന്ധിച്ച ഉന്നതതലയോഗം ഈ മാസം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

കണ്ടെയ്‌നര്‍ റോഡിനായി സ്ഥലമെടുത്തതിലും പോര്‍ട് ട്രസ്റ്റ് തുക കൈമാറിയിട്ടില്ല. നാഷണല്‍ ഹൈവേ അതോറിറ്റിയാണ് തുക കൈമാറേണ്ടെതെന്ന നിലപാടായിരുന്നു നേരത്തെ പോര്‍ട്ട് ട്രസ്റ്റിന്‍േറത്. എന്നാല്‍ പോര്‍ട് ട്രസ്റ്റ് തന്നെ തുക കൈമാറണമെന്ന് സര്‍ക്കാര്‍ ഡിസംബറില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഇനിയും കാലതാമസം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഈ മാസം അവസാനം നടത്തുന്ന യോഗത്തില്‍ ഇക്കാര്യത്തിലും അടിയന്തിര തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മീന്‍ പിടിക്കാന്‍ അനുവദിക്കാത്ത വിധത്തിലുള്ള സിആര്‍പിഎഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, വല്ലാര്‍പാടം പള്ളിക്കടുത്തുള്ള ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമാവാത്തതിനെക്കുറിച്ചും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞ പരാതികള്‍ ഉന്നതതലയോഗം ചര്‍ച്ചചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Top