130 കോടി മുതല്‍ മുടക്കില്‍ ദീപാവലി റിലീസായ ദളപതി വിജയ് നായകനായ മെര്‍സല്‍ പറയുന്നത് സ്വകാര്യ ഹോസ്പിറ്റലുകളുടെ ചൂഷണത്തെ സംബന്ധിച്ച്.
ഒരു മാസ് സിനിമ എന്നതിലുപരി സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്ന സിനിമയാണ് എന്നത് മെര്‍സലിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണ്.
വണ്‍മാനെ ‘ത്രിമാനാക്കി’ മാറ്റി ദളപതിയുടെ ആരാധകരെ മാത്രമല്ല ജനറല്‍ ഓഡിയന്‍സിനെയും തൃപ്തിപ്പെടുത്തുന്ന നിരവധി ത്രസിപ്പിക്കുന്ന ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഈ സിനിമയിലുണ്ട്.
കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് മെര്‍സലിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ സംവിധായകന്‍ അറ്റ്‌ലിയുടെ ‘ടച്ച് ‘ വ്യക്തമാണ്.
ആദ്യ പകുതി കുറച്ച് പതുക്കെയാണ് മുന്നോട്ട് പോകുന്നതെങ്കിലും ഇടവേളക്ക് ശേഷമാണ് മെര്‍സല്‍ ശരിക്കും ‘മെര്‍സലായി’ മാറുന്നത്.
നായികമാര്‍ മൂന്ന് പേരുണ്ടെങ്കിലും അവരില്‍ മലയാളിയായ നിത്യാ മേനോനാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
മറ്റു രണ്ട് നായികമാരായ സമാന്ത, കാജള്‍ അഗര്‍വാള്‍ എന്നിവരുടെ ‘സംഭാവന’ പ്രധാനമായും സൂപ്പര്‍ ഹിറ്റായ രണ്ട് ഗാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ്.
നാല്‍പ്പത് പിന്നിട്ട വിജയ് 25കാരന്റെ ചുറുചുറുക്കോടെയാണ് ഗാന രംഗത്തും സംഘട്ടന രംഗത്തും അഭിനയിച്ചിരിക്കുന്നത്.
പ്രധാനമായും മൂന്ന് വിജയ് കഥാപാത്രങ്ങളില്‍ അച്ഛനായി അഭിനയിക്കുന്ന വിജയ് യുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.
ഇരുപതോളം മാസ് ഡയലോഗുകളും സിനിമയിലുണ്ട്.
ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത സിംഗപ്പൂരിലെ ജി.എസ്.ടിയോട് താരതമ്യം ചെയ്ത് നായക കഥാപാത്രം ചോദ്യം ചെയ്യുന്നതിനും തിയറ്ററുകളില്‍ വലിയ കരഘോഷമാണ് ലഭിക്കുന്നത്.
വില്ലനായി അഭിനയിച്ച എസ്.ജെ. സൂര്യ ദളപതിക്ക് ഒത്ത എതിരാളിയായി തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
വടിവേലു, കോവൈ സരള, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
എ. ആര്‍.റഹ്മാന്റെ സംഗീത വിസ്മയം പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലും പ്രകടമാണ്.
ആകെ മൊത്തം എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന മാസ് സിനിമയാണ് മെര്‍സല്‍ എന്ന് നിസംശയം പറയാം.
EXPRESS REVIEW