കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്ര ധാരണം വേണ്ടെന്ന എം.ഇ.എസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. സമസ്തയടക്കമള്ള മുസ്ലീം സംഘടനകളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം വിശ്വാസത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്നും എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംഘടനകള്‍ പറയുന്നത്.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ ഫസല്‍ ഗഫൂറാണ് പുറത്തുവിട്ടത്. എം.ഇ.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ മുഖംമറച്ച വസ്ത്രം ധരിച്ചെത്തരുത് എന്നായിരുന്നു നിര്‍ദേശം.
കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷവിധാനങ്ങള്‍ അരുത്. ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2019-20 അദ്ധ്യയന വര്‍ഷം മുതല്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അദ്ധ്യയന വര്‍ഷത്തെ കോളേജ് കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനം അനിസ്ലാമികമാണെന്നും സമസ്ത പ്രതികരിച്ചു. അതേസമയം, തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സമസ്തയുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ നിലപാട്.