ബുർഖ വിവാദത്തിൽ പരസ്പരം ഉടക്കി മുസ്ലീം സംഘടനകൾ രംഗത്ത് !

കേരളത്തില്‍ തീവ്രവാദ സ്ഫോടനത്തിന് ഐ.എസ് പദ്ധതിയൊരുക്കിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത വന്നിട്ടും കേരളത്തിലെ മുസ്ലിം സമുദായസംഘനടകള്‍ ഇപ്പോഴും ബുര്‍ഖ വിവാദത്തിനു പിന്നാലെയാണ് . ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഐ.എസ് നടത്തിയ ചാവേര്‍ സ്ഫോടനത്തിന്റെ അന്വേഷണത്തിലാണ് കേരളത്തിലും സമാന സ്ഫോടനങ്ങള്‍ക്ക് ഐ.എസ് കെണിയൊരുക്കിയെന്ന വാര്‍ത്ത ഇന്റലിജന്‍സ് ഏജന്‍സികള്‍ കൈമാറിയത്.

എന്‍.ഐ.എ കസ്റ്റഡിയിലുള്ള പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറും കാസര്‍ഗോഡ് സ്വദേശികളും കേരളത്തില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ശ്രീലങ്കയില്‍ 253 പേരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ഐ.എസിന്റെ ഉപസംഘടനയായ തൗഹീദ് ജമാഅത്തിനും കേരളത്തിലും ശക്തമായ വേരുകളുണ്ടെന്ന നിര്‍ണ്ണായക വിവരമാണ് എന്‍.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. കേരളത്തിലും ഗള്‍ഫിലുമുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ ഐ.എസ് ആശയത്തിലേക്ക് ആകൃഷ്ടരാവുകയും ഇസ്ലാമിക രാഷ്ട്രത്തിനായി ഭാര്യയോടും മക്കളോടും കുടുംബത്തോടുമൊപ്പം സിറിയയിലേക്കു പോകുന്നതും വലിയ ആശങ്കയാണ് കേരളത്തില്‍ വിതച്ചിരിക്കുന്നത്.

തീവ്രവാദത്തിന്റെ സുരക്ഷിതകേന്ദ്രമായി കേരളം മാറുന്നു എന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിനു പിന്നാലെയാണ് കേരളത്തില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതികളുടെ വിവരവും ഇപ്പോള്‍ പുറത്തുവരുന്നത്.

തീവ്രവാദത്തിലേക്ക് വഴുതിപോകുന്ന ചെറുപ്പക്കാരോട് അരുതെന്നു പറഞ്ഞ് അവരെ സമാധാനത്തിന്റെ വഴിയിലേക്കു നയിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വമുള്ള കേരളത്തിലെ മുസ്ലിം സാമുദായിക സംഘടനകളാവട്ടെ ഇപ്പോള്‍ ബുര്‍ഖയുടെ പേരില്‍ തമ്മില്‍ തല്ലുകയാണ്.

തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖംമറച്ചുള്ള ബുര്‍ഖ എം.ഇ.എസ് നിരോധിച്ചതാണ് പുതിയ പോര്‍വിളിക്കും വാവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മതവിഷയങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടതില്ലെന്ന വാദവുമായി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തെത്തി. മുഖവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സമസ്തയുടെ നിലപാട്. അന്യപുരുഷന്‍മാര്‍ മുഖം കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നും പ്രവാചകന്റെ കാലം മുതല്‍ ബുര്‍ഖയുണ്ടെന്നും സമസ്ത വിശദീകരിക്കുന്നു.

എന്നാല്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ മതവിശ്വാസത്തിന്റെ ഭാഗമല്ലെന്നും ഖുറാനില്‍ ബുര്‍ഖയെക്കുറിച്ച് പറയുന്നില്ലെന്നും പ്രവാചകന്റെ കാലത്ത് ബുര്‍ഖയില്ലായിരുന്നെന്നുമാണ് എം.ഇ.എസ് നിലപാട്.

കേരള ഹൈക്കോടതിയുടെ 2018ലെ വിധിയുടെ അടിസ്ഥാനത്തിലാണ് എം.ഇ.എസ് സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള ഉത്തരവെന്നാണ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ ഇറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാഠ്യ, പാഠ്യേതര മികവിനൊപ്പം വേഷവിധാനത്തിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌ക്കര്‍ഷിച്ചുകൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ക്യാമ്പസുകളിലെ ആശ്വാസ്യമല്ലാത്ത എല്ലാ പ്രവണതകളും നിരുല്‍സാഹപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷ വിധാനങ്ങള്‍ അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ വയ്യെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികളും ലോക്കല്‍ മാനേജ്മെന്റ് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും എം.ഇ.എസ് നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം, മതം അനുശാസിക്കാത്ത വസ്ത്രധാരണരീതി തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി എം.ഇ.എസിനെ പിന്തുണച്ച് മന്ത്രി കെ.ടി ജലീലും രംഗത്തെത്തിയിട്ടുണ്ട്. ഹജ്ജ് ചെയ്യുമ്പോഴും നിസ്‌ക്കരിക്കുമ്പോഴും സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും സ്ത്രീകള്‍ മുഖവും പുറം കൈയ്യും മറക്കരുതെന്ന് ഇസ്ലാം പറയുന്നുണ്ടെന്നുമാണ് മന്ത്രി ജലീല്‍ വ്യക്തമാക്കിയത്.

സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും ജലീല്‍ വ്യക്തമാക്കി. ‘ആദ്യം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടൂ എന്നിട്ടാവാം നിക്കാബ് ചര്‍ച്ചയെന്ന’ നിലപാടുമായി കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

വസ്ത്രധാരണം വ്യക്തിയുടെ ചോയ്സ് ആകേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ് എസ്റ്റാബ്ലിഷ്മെന്റുകളോ ഇടപെടുന്നത് ആശാസ്യമല്ലെന്ന നിലപാടുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തി. ഇനിയുള്ള കാലം മുഖംമൂടുന്നവരുടെയും മൂടിക്കുന്നവരുടെയുമല്ല.

ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണെന്നാണ് ബല്‍റാം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രബലരായ എ.പി, ഇ.കെ സുന്നി സംഘടനകള്‍ സ്ത്രീകള്‍ അന്യപുരുഷന്‍മാരുടെ മുന്നില്‍ മുഖംമൂടുന്ന വസ്ത്രം ധരിക്കണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

മതതീവ്രവാദം ചാവേര്‍ സ്ഫോടന ഭീഷണിയുമായി പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും മുസ്ലിം സമുദായം ബുര്‍ഖവിവാദത്തില്‍ തമ്മില്‍ തല്ലുന്ന കാഴ്ച്ച എന്തായാലും കേരളത്തെ സംബന്ധിച്ച് പരിതാപകരം തന്നെയാണ്.

Express Kerala View

Top