പുതിയ വാട്‌സ്ആപ്പ് ഫീച്ചറില്‍ മെസ്സേജുകളും പിന്‍ ചെയ്തുവെക്കാം

വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ പിന് ചെയ്തു വെക്കുന്നത് പോലെ സന്ദേശങ്ങളും പിന്‍ ചെയ്ത് വെക്കാനുള്ള ഓപ്ഷനാണ് ഇനി വരാന്‍ പോകുന്നത്. വാട്‌സ്ആപ്പിന്റെ 2.23.21.4 ബീറ്റാ പതിപ്പിലാണ് പിന്‍ മെസ്സേജസ് ഫീച്ചര്‍ കണ്ടെത്തിയത്. പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് പുതിയ സവിശേഷതയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിങ്ങള്‍ സുഹൃത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുമ്പോള്‍ ആ സംഭാഷണത്തിലെ ഒരു പ്രത്യേക ഭാഗം ഏറ്റവും മുകളിലായി പിന്‍ ചെയ്യാന്‍ സാധിക്കും. സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ പിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശത്തിന്റെ ഒരു ഭാഗം ഹൈലൈറ്റ് ചെയ്യാനും തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന ചാറ്റിന്റെ മുകളിലേക്ക് പിന്‍ ചെയ്തു ചേര്‍ക്കാനും കഴിയും.

ഉദാഹരണത്തിന് നിങ്ങളും സുഹൃത്തും ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റിനിടെ യാത്രയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ കുറിച്ചും താമസിക്കേണ്ട ഇടങ്ങളെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുകയും ചെയ്യുന്നു. ആ വിവരങ്ങള്‍ കുറിച്ച സന്ദേശം ഒരു പക്ഷെ നിങ്ങളുടെ ചാറ്റിന്റെ മധ്യ ഭാഗത്തായിരിക്കും ഉണ്ടാവുക. ഇനി ആവശ്യം വരുമ്പോള്‍ അത് തപ്പി പോകേണ്ടതില്ല, പകരം ആ ചാറ്റ് പിന്‍ ചെയ്തുവെച്ചാല്‍, സുഹൃത്തിന്റെ ചാറ്റ് ഹെഡ് തുറക്കുമ്പോള്‍ മുകളിലായി ആ സന്ദേശം ദൃശ്യമാകും. വര്‍ണ്ണാഭവും മോഡേണുമായ ടൈലുകളോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ചാറ്റ് അറ്റാച്ച്മെന്റ് മെനു ആണ് വാട്‌സ്ആപ്പിലേക്ക് വരുന്ന മറ്റൊരു മാറ്റം. ഗാലറി, ക്യാമറ, ഓഡിയോ, ഡോക്യുമെന്റ്, പോള്‍ പോലുള്ള ഓപ്ഷനുകളാണ് അറ്റാച്ച്‌മെന്റ് മെനുവിലുണ്ടാവുക.

WABetaInfo പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, നിങ്ങള്‍ക്ക് പിന്‍ ചെയ്യേണ്ട സന്ദേശം പ്രസ് ചെയ്തുപിടിച്ചാല്‍, കോണ്‍ടക്സ്റ്റ് മെനുവിന് വേണ്ടിയുള്ള ഓപ്ഷന്‍ പ്രത്യക്ഷപ്പെടും, അവിടെ ‘പിന്‍’ ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതേസമയം, സന്ദേശം പിന്‍ ചെയ്യുന്നതിന് സമയ പരിധിയുണ്ട്, നിങ്ങള്‍ക്ക് 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിവയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. എന്നാല്‍, കാലാവധി കഴിഞ്ഞ് അണ്‍പിന്‍ ആയ സന്ദേശം വീണ്ടും പിന്‍ ചെയ്യാന്‍ കഴിയും.

സ്റ്റാറ്റസ് അപ്ഡേറ്റുകളും, ചാനലുകളും കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനായി അപ്ഡേറ്റ് ടാബിലേക്ക് ഒരു തിരയല്‍ ഓപ്ഷന്‍ ചേര്‍ക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പുതിയ വാട്ട്സ്ആപ്പ് സവിശേഷതകള്‍ അവയുടെ പരീക്ഷണ ഘട്ടത്തിലാണ്, അതിനാല്‍ ഇവ എപ്പോള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാകുമെന്ന് അറിയില്ല.

Top