മെസ്സിയുടെ മുപ്പത്തിയൊന്നാമത് പിറന്നാള്‍ ആണ് ഇന്ന്. ലോകത്തില്‍ കളിക്കളത്തില്‍ ഉള്ള ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നതില്‍ ഉപരി ഇത്രയും ആരാധകരുള്ള മറ്റൊരു താരവും ലോകത്തില്ല എന്നതാണ് മെസ്സിയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
അര്‍ജന്റീന എന്ന രാജ്യത്തോട് ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ആരാധന സാക്ഷാല്‍ മറഡോണയില്‍ നിന്നും തുടങ്ങി മെസ്സിയില്‍ വരെ എത്തി നില്‍ക്കുന്നു.
ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ തന്നെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരങ്ങള്‍ നേടി. 2013 ജനുവരി ഏഴിന് ലഭിച്ച നാലാമത്തെ ബാലണ്‍ ഡി ഓര്‍ ബഹുമതിയോടെ ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി ലോകത്തെ ഞെട്ടിച്ചു. ഇതിനപ്പുറം മെസ്സി വാരിക്കൂട്ടിയ പുരസ്‌ക്കാരങ്ങള്‍ക്ക് സമാനമായി മറ്റൊരു താരവും ഇതുവരെ വാങ്ങിയിട്ടില്ലെന്നു കൂടി ഓര്‍ക്കണം.
മരണത്തിന്റെ മുഖത്ത് ചവിട്ടി ജീവിതത്തിലേക്ക് കുഞ്ഞു മെസ്സിയെ പിടിച്ചുയര്‍ത്തിയത് ബാര്‍സലോണ ക്ലബ് ആണ്. വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജന്മനാടായ റൊസാരിയോയിലായിരുന്നു ജനനം. ജീവന്‍ തിരികെ നല്‍കിയ ബാര്‍സലോണക്കു വേണ്ടി മെസ്സി നേടിക്കൊടുത്ത പുരസ്‌ക്കാരങ്ങള്‍ക്ക് കണക്കില്ല.
2012 ഡിസംബര്‍ 9ന് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡില്‍ ഗെര്‍ഡ് മുളളറെ (85 ഗോളുകള്‍) മറികടന്നു. 2012 ഡിസംബര്‍ 23ന് ഒരു കലണ്ടര്‍ വര്‍ഷം 91 ഗോളുകള്‍ എന്ന സര്‍വ്വകാല റിക്കാര്‍ഡും സ്ഥാപിച്ചു.
ഈ താരത്തിനും അര്‍ജന്റീനക്കും കളിക്കളത്തില്‍ അടിപതറിയാല്‍ ലോകത്തെ കോടിക്കണക്കിന് ആരാധകര്‍ക്ക് നോവും. അപ്പോള്‍ പിന്നെ മെസ്സിയുടെ കണ്ണുനീര്‍ കളിക്കളത്തില്‍ വീഴുന്നത് നേരിട്ട് കണ്ടാല്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലോ ?
അത്തരമൊരു മാനസിക വിഷമമാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു അര്‍ജന്റീന ആരാധകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിലെ ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് പരാജയപ്പെട്ട് കണ്ണീരോടെ നിന്ന മെസ്സിയെയും അര്‍ജന്റീന ടീമിനെയും കണ്ട് ഡിനു പൊട്ടിക്കരഞ്ഞിരുന്നു.
നിരാശനായി കാണപ്പെട്ട ഡിനു വീട്ടില്‍ ആത്മഹത്യക്കുറുപ്പ് എഴുതി വച്ച ശേഷമാണ് വീട് വിട്ടിറങ്ങിയിരുന്നത്. അര്‍ജന്റീനയുടെ തോല്‍വിയിലെ നിരാശ പ്രകടമാക്കുന്ന വരികളായിരുന്നു കത്തില്‍. ഡിനുവിനു വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.
കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപം ഞായറാഴ്ച എട്ടരയോടെ മൃതദേഹം കണ്ടെത്തിയതോടെ ഈ യുവാവിനു വേണ്ടിയുള്ള തിരച്ചിലിനും പരിസമാപ്തിയായി.
ജീവന് തുല്യമല്ല . .സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും സ്‌നേഹിച്ച ഈ യുവാവിന്റെ ആത്മാവിന് വേണ്ടിയെങ്കിലും മെസ്സി ഗോളടിക്കണമെന്നും അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കണമെന്നുമാണ് ഡിനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഫുട്‌ബോളിനോട് താല്‍പ്പര്യമില്ലാത്തവരും അര്‍ജന്റീനയോട് എതിര്‍പ്പുളളവരും പോലും ഇപ്പോള്‍ ഒറ്റ മനസ്സില്‍ ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്.
കോടിക്കണക്കിന് ആരാധകര്‍ ലോകത്തുള്ള മെസ്സിക്കും അര്‍ജന്റീനക്കും ചുവട് പിഴച്ചപ്പോള്‍ സ്വന്തം ജീവന്‍ വെടിഞ്ഞത് ഒരു മലയാളി യുവാവാണ് എന്നത് അന്താരാഷ്ട്ര മാധ്യമങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ തന്റെ ആരാധകരുടെ പ്രോത്സാഹന വീഡിയോ അടുത്തയിടെ സ്വന്തം ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്ത മെസ്സിയുടെ കാള്‍ ഉടന്‍ തന്നെ ഡിനുവിന്റെ വീട്ടിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും നൈജീരിയയുമായുള്ള മത്സരത്തില്‍ ചുട്ട മറുപടി നല്‍കി ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അര്‍ജന്റീനന്‍ ടീമിനെയും മെസ്സിയെയും കണ്‍കുളിര്‍ക്കെ കാണാന്‍ ആകാശത്ത് ഡിനുവെന്ന ഒരു നക്ഷത്രവും ഇനിയുണ്ടാകും.