ലോകകപ്പിനായി തയാറെടുക്കാൻ പിഎ‌സ്‌ജിയോട് നേരത്തെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് മെസി

പാരീസ്: ഫുട്ബോള്‍ ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറോട് ഈ ആഴ്ച തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ മാസം 20ന് ഖത്തറില്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.

പുതിയ സീസണിൽ പിഎസ്‌ജി ജേഴ്സിയിൽ ഉജ്വലഫോമിലാണ് ലിയോണൽ മെസി. 17 മത്സരങ്ങളിൽ നിന്ന് 12 ഗോള്‍ നേടിയ മെസി 13 അസിസ്റ്റും നല്‍കി. മത്സരാധിക്യമുള്ളതിനാൽ ടീമുകൾക്ക് ലോകകപ്പിനൊരുങ്ങാൻഇത്തവണ ഒരാഴ്ച പോലും സമയമില്ല. ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് അവസാന അവസരമായതിനാൽ നേരത്തെ തന്നെ അർജന്‍റീന ടീമിനൊപ്പം ചേരാനാണ് സൂപ്പർ താരത്തിന്‍റെ തീരുമാനം.

ഈ മാസം ഫ്രഞ്ച് ലീഗിൽ രണ്ട് മത്സരങ്ങളാണ് ലോകകപ്പിന് മുൻപ് പിഎസ്‌ജിക്ക് ബാക്കിയുള്ളത്. ആറാം തീയതിയുള്ള മത്സരത്തിന് ശേഷം അർജന്‍റീന ടീമിനൊപ്പം ചേരാൻ അനുവദിക്കണമെന്നാണ് മെസി കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പിഎസ്‌ജിയുമായുള്ള മെസിയുടെ കരാറിലും അർജന്‍റീന ടീമിന് പ്രധാന്യം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 16ന് അര്‍ജന്‍റീനക്ക് യുഎഇയുമായി സൗഹൃദ മത്സരമുള്ളതിനാൽ നേരത്തെ തന്നെ മെസിയും സഹതാരങ്ങളും ഒന്നിച്ച് പരിശീലനം തുടങ്ങും.

22ന് സൗദി അറേബ്യയാണ് ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ എതിരാളികൾ. കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും സ്വന്തമാക്കിയ അർജന്‍റീന 34 മത്സരങ്ങളിൽ പരാജയമറിയാതെയാണ് അറേബ്യൻ മണ്ണിലേക്കെത്തുക.

Top