‘ലക്ഷ്യം പണമെങ്കിൽ സൗദിയിലേക്ക് പോകുമായിരുന്നു’; ഇന്റര്‍ മയാമി പ്രവേശനം സ്ഥിരീകരിച്ച് മെസ്സി

ബ്യൂണസ് ഐറിസ്: ഒടുവില്‍ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം സ്ഥിരീകരിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് മാധ്യമങ്ങളായ ഡിയാരിയോ സ്‌പോര്‍ട്ടിനും മുണ്‍ഡോ ഡിപോര്‍ട്ടിവേയ്ക്കും അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെസ്സി തന്റെ ഇന്റര്‍ മയാമി പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്.

മുന്‍ ക്ലബ്ബായിരുന്ന ബാഴ്‌സലോണയിലേക്ക് പോകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞ മെസ്സി, ഇനി തന്നെ ടീമിലെടുക്കുന്നതിനായി നിലവിലെ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അവര്‍ ഒരു ഫോര്‍മുല കണ്ടെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കൂടി കഴിഞ്ഞ തവണ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കടന്നു പോയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ താത്പര്യമില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

”എനിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞാനത് സ്വപ്‌നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചത് പോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടെ ആകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും എന്റെ കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.” – മെസ്സി പറഞ്ഞു.

”മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ഞാന്‍ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. കാരണം യൂറോപ്പില്‍ ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്റെ ഏക ആശയം. എന്നാല്‍ ബാഴ്‌സ കരാര്‍ തകര്‍ന്നതോടെ ഇപ്പോള്‍ മയാമിയില്‍ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു. എന്നെ തിരികെ കൊണ്ടുവരാന്‍ ബാഴ്‌സലോണയ്ക്ക് കളിക്കാരെ വില്‍ക്കേണ്ടതുണ്ടെന്നും മറ്റുള്ളവരുടെ വേതനം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.” – മെസ്സി വ്യക്തമാക്കി.

പണമായിരുന്നില്ല തന്റെ ലക്ഷ്യമെന്നും അങ്ങനെയായിരുന്നെങ്കില്‍ സൗദി അറേബ്യയിലേക്കോ അല്ലെങ്കില്‍ കൂടുതല്‍ പണം ലഭിക്കുന്ന മറ്റെവിടേക്കെങ്കിലുമോ പോകുമായിരുന്നുവെന്നും മെസ്സി പറഞ്ഞു. ”പണം എനിക്കൊരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ബാഴ്സലോണയുമായുള്ള കരാറിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച പോലും ചെയ്തിരുന്നില്ല. അവര്‍ ഒരു പ്രൊപ്പോസല്‍ അയച്ചു, പക്ഷേ അത് ഒരിക്കലും രേഖാമൂലം എഴുതി ഒപ്പിട്ട ഔദ്യോഗിക രേഖയായിരുന്നില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ യാതൊരു കടുംപിടുത്തവും നടത്തിയിട്ടില്ല. പണമായിരുന്നില്ല കാര്യം. പണത്തിനായിരുന്നെങ്കില്‍ ഞാന്‍ സൗദി അറേബ്യയിലേക്കോ അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലുമോ പോകുമായിരുന്നു. അത് വളരെ വലിയൊരു തുകയായിരുന്നു. മറ്റൊരിടത്തേക്ക് പോകാനുള്ള എന്റെ അന്തിമ തീരുമാനം പണം ലക്ഷ്യംവെച്ചിട്ടുള്ളതല്ല എന്നതാണ് സത്യം.” – മെസ്സി കൂട്ടിച്ചേര്‍ത്തു.

”എനിക്ക് ബാഴ്‌സലോണയുമായി അടുത്ത് നില്‍ക്കാന്‍ ഇഷ്ടമാണ്. ഇനിയും ഞാന്‍ ബാഴ്‌സലോണയില്‍ ജീവിക്കും. അത് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം ക്ലബ്ബിനെ സഹായിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം ഇത് ഞാന്‍ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്. ബാഴ്‌സ ആരാധകരുടെ എല്ലാ പിന്തുണയ്ക്കും നന്ദി. തീര്‍ച്ചയായും ഇവിടേക്ക് വീണ്ടും വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” – മെസ്സി വ്യക്തമാക്കി.

ബുധനാഴ്ചയാണ് മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മയാമി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസ്സിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മിയാമി, മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.

ഇതിനിടെ മെസ്സിയുടെ പിതാവും ഫുട്ബോള്‍ ഏജന്റുമായ യോര്‍ഗെ മെസ്സി ബാഴ്സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തിയിരുന്നു. മെസ്സി ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസ്സി പ്രതികരിക്കുകയും ചെയ്തിരുന്നു.

പക്ഷേ ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങള്‍ ബാഴ്സയ്ക്കും മെസ്സിക്കും ഇടയില്‍ തടസ്സമായി നില്‍ക്കുകയായിരുന്നു. പ്രധാനമായും ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.

Top