ഹോങ്കോങ് ഇലവനെതിരായ സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കാതിരുന്നത് അര്‍ജന്റീനയ്ക്ക് തിരിച്ചടി

ബ്യൂണസ് ഐറിസ്: ഹോങ്കോങ് ഇലവനെതിരായ സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കാതിരുന്നത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയാകുന്നു. മാര്‍ച്ചില്‍ ചൈനയില്‍ നടത്താനിരുന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ റദ്ദാക്കി. നൈജീരിയ, ഐവറി കോസ്റ്റ് ടീമുകള്‍ക്കെതിരെ ആയിരുന്നു അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

ടിക്കറ്റിനായി നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. മെസ്സിയെ ഇനി ഹോങ്കോങ്ങിലേക്ക് വരാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. പിന്നാലെയാണ് കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള നിര്‍ണായക സൗഹൃദ മത്സരങ്ങള്‍ അര്‍ജന്റീന ഉപേക്ഷിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നിരിക്കുന്ന ടീമുകളാണ് നൈജീരിയയും ഐവറി കോസ്റ്റും.

ഫെബ്രുവരി നാലിനാണ് ഹോങ്കോങ് ഇലവനെതിരെ ഇന്റര്‍ മയാമിയുടെ സൗഹൃദ മത്സരം നടന്നത്. സൗദിയില്‍ റിയാദ് കപ്പിലെ ആദ്യ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് അര്‍ജന്റീനന്‍ താരം ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ കളിക്കാതിരുന്നത്. എന്നാല്‍ ജപ്പാനില്‍ വീസെല്‍ കോബിനെതിരെ 30 മിനിറ്റ് മെസ്സി കളിച്ചു. ഇതോടെയാണ് ഹോങ്കോങ്ങില്‍ ആരാധക പ്രതിഷേധം ശക്തമായത്.

Top