ഈ വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള അർജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസി തന്നെയാണ് ടീമിലെ പ്രധാന താരം. മെസിക്ക് പുറമേ പൗളോ ഡിബാല, സെർജിയോ അഗ്യൂറോ എന്നിവരും ടീമിൽ ഇടം പിടിച്ചപ്പോൾ ഇന്റർമിലാൻ സൂപ്പർ താരം മൗറോ ഇക്കാർഡി ടീമിന് പുറത്തായി.
ക്ലബ്ബ് സീസണിൽ ഇത്തവണ മോശം പ്രകടനമായിരുന്നതാണ് ഇക്കാർഡിയെ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം. അതേ സമയം കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് അഗ്യൂറോ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. ലോകകപ്പിൽ കളിച്ച 4 മത്സരങ്ങളിൽ 2 ഗോളുകൾ നേടിയിരുന്ന അഗ്യൂറോ, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെച്ചത്. ക്ലബ്ബ് സീസണിൽ മോശം പ്രകടനമായിരുന്നെങ്കിലും ഡിബാലയും കോപ്പ അമേരിക്ക ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Scaloni has announced 23-man @Argentina squad for @CopaAmerica 2019. Here is the final squad…. pic.twitter.com/p3UFnCMH7F
— Argentina Football (@ARG_soccernews) May 21, 2019
ചില മാറ്റങ്ങളും അർജന്റീന തങ്ങളുടെ ടീമിൽ വരുത്തിയിട്ടുണ്ട്. പ്രതിരോധത്തിൽ ഗബ്രിയേൽ മെർക്കാഡോയ്ക്ക് പകരം മിൽട്ടൺ കാസ്കോയെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ സെർജിയോ റൊമേറോ, മാർക്കസ് റോജോ എന്നിവർക്കും ഇത്തവണ കോപ്പ അമേരിക്ക ടീമിൽ ഇടം പിടിക്കാനായില്ല. കൊളംബിയ, പരാഗ്വേ, ഖത്തർ എന്നീ ടീമുകളെയാണ് കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന ഇത്തവണ നേരിടുക.