ബില്‍ബാവോ: ലാലിഗയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിൽ അത്‌ലറ്റിക്ക് ബില്‍ബാവോയെ തകര്‍ത്ത് ബാഴ്സലോണ. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ പോയന്റ് പട്ടികയില്‍ ബാഴ്സലോണ മൂന്നാം സ്ഥാനത്തേക്ക് കയറി. മൂന്നാം മിനിറ്റിൽ ബാഴ്സയെ ഞെട്ടിച്ച് അത്‌ലറ്റിക്കിന്റെ ഇനാകി വില്യംസാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 14-ാം മിനിറ്റിൽ ഫ്രീ ഹെഡ്ഡറിലൂടെ യുവതാരം പെഡ്രി ബാഴ്സ സമനില ഗോള്‍ നേടി. രണ്ടാം ഗോളും പെഡ്രി തന്നെയാണ് നേടിയത്.
ബോക്‌സിനകത്തുനിന്നും മനോഹരമായ ഒരു പാസ്സിലൂടെ പെഡ്രി പന്ത് മെസ്സിയുടെ കാലിലെത്തിച്ചു. അത് മികവോടെ മെസ്സി ഗോളാക്കി മാറ്റുകയും ചെയ്തു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി. ഗ്രീസ്മാന്റെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്.
90-ാം മിനിറ്റിൽ ഐകെര്‍ മുനിയന്‍ അത്‌ലറ്റിക്കിനായി ഗോള്‍ നേടിയെങ്കിലും ബാഴ്സ വിജയമുറപ്പിച്ചു. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 31 പോയന്റുകള്‍ നേടിയ ബാഴ്സ മൂന്നാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്നും 36 പോയന്റുള്ള റയലാണ് രണ്ടാം സ്ഥാനത്ത്. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളില്‍ നിന്നും 38 പോയന്റാണ് ടീമിനുള്ളത്.