മെസ്സി കളിക്കളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍, മറുപടിയില്ലാതെ ടീം

ലോകകപ്പിന്റെ നിരാശയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് അടുത്ത ആഘാതവുമായി ലയണല്‍ മെസ്സി കളിക്കളത്തിലേയ്ക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ സൗഹൃദമത്സരങ്ങളില്‍ മെസ്സി കളിയ്ക്കില്ല.

2018ല്‍ രാജ്യത്തിനായി കളിക്കില്ലെന്ന് താരം അര്‍ജന്റീനയുടെ ഇടക്കാല കോച്ച് ലിയോണല്‍ സ്‌കോലനിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാട്ടിമാലയ്ക്കും കൊളംബിയ്ക്കുമെതിരായാണ് ഈ വര്‍ഷം അര്‍ജന്റീനയ്ക്ക് കളികളുള്ളത്. 2019ല്‍ കോപ്പ അമേരിക്കയില്‍ കളിക്കാനായി അദ്ദേഹം ടീമില്‍ തിരിച്ചെത്തുമോയെന്നതും വ്യക്തമാക്കിയിട്ടില്ല.

ടീം അംഗങ്ങളും വാര്‍ത്തയില്‍ കൃത്യമായ മറുപടി പറയുന്നില്ല. പരിശീലകനാണ് കാര്യങ്ങള്‍ പറയേണ്ടതെന്നും സമയമാകുമ്പോള്‍ അദ്ദേഹം അത് പറയുമെന്നും ടീം വക്താവ് ലയണല്‍ സ്‌കലോണി ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചു.

ദേശീയ ടീമിനായി എപ്പോള്‍ കളിക്കുമെന്ന കാര്യത്തില്‍ തീരുമാനം മെസിയാണ് എടുക്കേണ്ടതെന്നും തല്‍ക്കാലം അദ്ദേഹത്തെ അതിന് നിര്‍ബന്ധിക്കാതെ സ്വതന്ത്രമായി വിടണമെന്നും സഹതാരമായ കാര്‍ലോസ് ടെവസ് പ്രതികരിച്ചു.

2016 കോപ്പ അമേരിക്കയില്‍ ചിലിയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കാറായെന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം തീരുമാനം മാറ്റി അദ്ദേഹം ടീമില്‍ തിരിച്ചെത്തിയിരുന്നു. അര്‍ജന്റീനയ്ക്ക് കീഴില്‍ സുപ്രധാന കിരീടങ്ങള്‍ നേടാന്‍ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

128 തവണ രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടിയ മെസ്സി 65 ഗോളുകളാണ് സ്വന്തമാക്കിയത്. 2008ല്‍ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ വിജയത്തിനു പിന്നിലും മെസ്സിയുണ്ട്.

Top