ഖത്തറിൽ ഫൈനൽ കളിച്ചാൽ മെസ്സിക്ക് ചരിത്രനേട്ടം

ദോഹ: പോളണ്ടിനെ മറികടന്ന് അർജന്റീന പ്രീക്വാർട്ടറിലേക്കു മുന്നേറിയപ്പോൾ മുൻ നായകൻ ഡീഗോ മാറഡോണ അതിരറ്റ് സന്തോഷിച്ചിട്ടുണ്ടാകുമെന്ന് ലയണൽ മെസ്സി. തന്റെ 22-ാം ലോകകപ്പ് മത്സരം കളിച്ച മെസ്സി ഈ കളിയിൽ മാറഡോണയുടെ റെക്കോഡ് മറികടന്നിരുന്നു.

”എനിക്കീ റെക്കോഡിനെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നില്ല. അടുത്തിടെയാണ് ഞാൻ ഇതറിഞ്ഞത്. ഇത്തരം റെക്കോഡുകൾ നേടുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതിൽ ഡീഗോയ്ക്ക് അതിരറ്റ സന്തോഷമായിട്ടുണ്ടാകും. എന്നോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു അദ്ദേഹത്തിന്”, മെസ്സി പറഞ്ഞു.

”പെനാൽട്ടി നഷ്ടമായതിൽ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. കാരണം, ഒരു ഗോൾ മത്സരഫലത്തെയാകെ സ്വാധീനിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ആ നഷ്ടത്തിൽനിന്ന് ടീം ശക്തമായി തിരിച്ചുവന്നു. ഈ ജയം ഞങ്ങൾക്ക് അത്യധികം ആത്മവിശ്വാസം നൽകുന്നു”, മെസ്സി കൂട്ടിച്ചേർത്തു.

ഓരോ കളിയും മുന്നോട്ട്

ഖത്തർ ലോകകപ്പിൽ ഇനിയുള്ള ഓരോ മത്സരവും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കരിയറിലെ നാഴികക്കല്ലുകളാകും. മത്സരങ്ങളുടെ എണ്ണത്തിൽ സാക്ഷാൽ മാറഡോണയെ മറികടന്ന അർജന്റീനാ താരത്തിന് പ്രീക്വാർട്ടർ കളിക്കുന്നതോടെ മൊത്തം 23 കളികളാകും. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച മൂന്നാമത്തെ താരമെന്ന ഇറ്റലിയുടെ പൗലോ മാൾഡീനിയുടെ നേട്ടത്തിനൊപ്പമെത്തും.

ക്വാർട്ടറിൽ കളിച്ചാൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെക്കൊപ്പം കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമായിമാറും. ഇനി സെമിയിൽ കളിക്കാൻ അവസരം ലഭിച്ചാൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന നേട്ടം ജർമനിയുടെ ലോതർ മാത്തേയൂസിനൊപ്പം പങ്കുവെക്കാൻ കഴിയും. ഫൈനലിൽ കളിക്കാൻ കഴിഞ്ഞാൽ 26 മത്സരങ്ങളോടെ ചരിത്രത്തിൽ ഇടംപിടിക്കും.

 

Top