അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അര്‍ജന്റൈന്‍ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. ഫ്ലോറിഡയില്‍ ഇന്ന് നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ പ്രഖ്യാപനം. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനില്‍ നിന്നാണ് അമേരിക്കയിലെത്തിയത്. 2025 സീസണിന്റെ അവസാനം വരെ മെസിക്ക് ഇന്റര്‍ മയാമിയുമായി കരാറുണ്ടാകും.
Sí, Muchachos📍 pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023
മൂന്ന് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് താരത്തെ ക്ലബിലെത്തിച്ചിരിക്കുന്നത് എന്ന് ഇന്റര്‍ മയാമി ഉടമ യോര്‍ഗെ മാസ് വ്യക്തമാക്കി. വര്‍ഷം 60 മില്യണ്‍ ഡോളറായിരിക്കും മെസിയുടെ പ്രതിഫലം. കൂടുതല്‍ കരാര്‍ വ്യവസ്ഥകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ ക്ലബില്‍ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പില്‍ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. അമേരിക്കയിലെ ഇന്റര്‍ മയാമിയുമായി ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലയണല്‍ മെസി പറഞ്ഞു. ‘മികച്ച ഫുട്ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിത്. എന്റെ പുതിയ വീടായ ഇവിടെ ക്ലബിന്റെ പുതിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനുള്ള വ്യഗ്രതയിലാണ് ഞാന്‍’ എന്നും മെസി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ബെക്കാം ഇന്റര്‍ മയാമിയുടെ സഹ ഉടമയാണ്.