‘മെസി 2026 ലോകകപ്പിലും കളിക്കും’; പ്രതീക്ഷ പങ്കുവെച്ച് അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി

ബെയ്ജിംഗ്: 2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ലിയോണല്‍ മെസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തല്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്കായിരുന്നു. അടുത്തിടെ പിഎസ്ജിയുമായുള്ള കരാന്‍ അവസാനിപ്പിച്ച മെസി മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരുന്നു.

മെസി പറഞ്ഞതിങ്ങനെയായിരുന്നു. ”2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്.” എന്നുമാണ് മെസിയുടെ വാക്കുകള്‍.

ഇപ്പോള്‍ മെസിയുടെ വാക്കുകള്‍ക്ക് മറുപടി പറയുകയാണ് അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോണി. അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ… ”അടുത്ത ലോകകപ്പില്‍ കളിക്കണമെന്ന് മെസിയെ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇക്കാര്യം മെസിയുമായി സംസാരിക്കും. ടീമില്‍ മെസി വലിയൊരു ഘടകമാണ്. അദ്ദേഹം ടീമിനൊപ്പം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ടീമിനൊപ്പം തുടരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മെസിയെ കേന്ദ്രമാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്. മെസിക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാല്‍ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം.” സ്‌കലോണി പറഞ്ഞു.

അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്. ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായിരുന്ന ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്ത്തിയാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന കപ്പുയര്‍ത്തിയത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണ മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി.

Top