മെസിയുടെ അമേരിക്കന്‍ ലീഗിലെ അരങ്ങേറ്റം വൈകും; ഷാര്‍ലറ്റ് മയാമി എംഎല്‍എസ് മത്സരം മാറ്റി

യണല്‍ മെസിയുടെ അമേരിക്കന്‍ ലീഗിലെ അരങ്ങേറ്റത്തിനായി ആരാധകര്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ മാസം 20ന് എംഎല്‍എസ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഷാര്‍ലറ്റ് എഫ്‌സിക്കെതിരെ മെസി ഇന്റര്‍ മയാമിക്കായി ഇറങ്ങുമെന്നായിരുന്നു കരുതിയത്. എന്നാല്‍, ഇന്റര്‍ മയാമിയും ഷാര്‍ലറ്റ് എഫ്‌സിയും ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയതോടെ ഈ ക്ലബ്ബുകള്‍ തമ്മില്‍ ഓഗസ്റ്റ് 20ന് നടക്കാനിരുന്ന എംഎല്‍എസ് മത്സരം മാറ്റിവെച്ചിരിക്കുകയാണ്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ശനിയാഴ്ച നടക്കുന്ന ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ ഷാര്‍ലറ്റ് എഫ്‌സി തന്നെയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍. മയാമിയുടെ ഹോം ഗ്രൗണ്ടായ പിങ്ക് ഡ്രൈവ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 6 മണിക്കാണ് മത്സരം. ഇതില്‍ ഒരു ടീം ഓഗസ്റ്റ് 19ന് അരങ്ങേറുന്ന ലീഗ്‌സ് കപ്പിന്റെ ഫൈനലിലോ, ലൂസേഴ്‌സ് ഫൈനലിലോ കളിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 20ലെ എംഎല്‍എസ് മത്സരം മാറ്റിവെച്ചത്.

ഷാര്‍ലറ്റ് എഫ്‌സിക്കെതിരായ മത്സരം മാറ്റിവെച്ച സ്ഥിതിക്ക് ഇന്റര്‍ മയാമിയുടെ എംഎല്‍എസിലെ അടുത്ത പോരാട്ടം ഓഗസ്റ്റ് 26ന് ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെയാണ്. മിക്കവാറും ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ മെസി എംഎല്‍എസ് അരങ്ങേറ്റം നടത്താനാണ് സാധ്യത. ന്യൂജേഴ്‌സിയിലെ റെഡ് ബുള്‍ അരീനയിലാണ് ഈ മത്സരം.

ഇതിനിടയില്‍ മെസിക്ക് മറ്റൊരു മത്സരം കൂടി കളിക്കേണ്ടി വരും. ഓഗസ്റ്റ് 23ന് അരങ്ങേറുന്ന യുഎസ് ഓപ്പണ്‍ കപ്പ് മത്സരത്തില്‍ ഇന്റര്‍ മയാമി എഫ്‌സി സിന്‍സിനാറ്റിയെ നേരിടുന്നുണ്ട്. നോക്ക് ഔട്ട് പോരാട്ടമാണിത്. എംഎല്‍എസിന്റെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് എഫ്‌സി സിന്‍സിനാറ്റി. കരുത്തരായ സിന്‍സിനാറ്റിയെ അവരുടെ തട്ടകത്തില്‍ നേരിടുക ഇന്റര്‍ മയാമിയെ സംബന്ധിച്ച് ഏറെ ശ്രമകരമായ ദൗത്യമായിരിക്കും. എന്തായാലും, തിരക്കേറിയ ഷെഡ്യൂളാണ് അമേരിക്കയില്‍ ലയണല്‍ മെസിയെ കാത്തിരിക്കുന്നത്.

Top