മേജര്‍ ലീഗ് സോക്കറില്‍ മെസ്സിയുടെ അരങ്ങേറ്റം വൈകാന്‍ സാധ്യത. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ റെഡ് ബുള്ളിനെതിരെയാണ് മെസ്സിയുടെ അരങ്ങേറ്റ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ താരം അരങ്ങേറാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. മയാമിയുടെ പിങ്ക് ജഴ്‌സിയില്‍ എട്ട് മത്സരങ്ങള്‍ കളിച്ച മെസ്സി 10 ഗോളുകള്‍ നേടിക്കഴിഞ്ഞു. എങ്കിലും മെസ്സി ഇനിയും അമേരിക്കയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറില്‍ കളിച്ചിട്ടില്ല.
റെഡ് ബുള്ളിനെതിരെ മെസ്സി കളിക്കാന്‍ സാധ്യതയില്ലെന്നാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ വാക്കുകള്‍. മെസ്സിയെ കാണാന്‍ ലോകം കാത്തിരിക്കുന്നതായി തനിക്ക് അറിയാം. അത് അവഗണിക്കാന്‍ കഴിയില്ല. പക്ഷേ തുടര്‍ച്ചയായ മത്സരങ്ങളില്‍ മെസ്സിയെ കളിപ്പിക്കുന്നത് അപകടമാണ്. ഇതുവരെ എട്ട് മത്സരങ്ങള്‍ കളിച്ച മെസ്സി ഏഴിലും 90 മിനിറ്റ് സമയം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. വികാരങ്ങള്‍ക്ക് അനുസരിച്ച് തെറ്റായ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ജെറാര്‍ഡോ മാര്‍ട്ടിനോ വ്യക്തമാക്കി.
മേജര്‍ ലീഗ് സോക്കറില്‍ അഞ്ച് ജയം മാത്രമുള്ള ഇന്റര്‍ മയാമി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ്. ആകെ 34 മത്സരങ്ങള്‍ ഒരു ടീമിന് കളിക്കാം. ഒന്‍പത് ടീമുകള്‍ക്കാണ് പ്ലേ ഓഫ് യോഗ്യത ലഭിക്കുക. മയാമിക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കാന്‍ ഇനി തുടര്‍വിജയങ്ങള്‍ ആവശ്യമാണ്. മെസ്സി കരുത്തിലാണ് മയാമി ലീഗ്‌സ് കപ്പ് സ്വന്തമാക്കിയത്. മെസ്സി ഇല്ലാതെ മേജര്‍ ലീഗില്‍ കളിച്ചാല്‍ മയാമി എങ്ങനെ മുന്നേറുമെന്നാണ് ഇനി അറിയേണ്ടത്.