സാമൂഹ്യ മാധ്യമമായ ‘ത്രെഡ്‌സ്’ യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച് മെറ്റ; വൈകാന്‍ കാരണം ഇത്

വൈകിയാണെങ്കിലും യൂറോപ്യന്‍ യൂണിയനിലും സോഷ്യല്‍ മീഡിയാ സേവനമായ ത്രെഡ്‌സ് എത്തി. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ അവതരിപ്പിച്ച ട്വിറ്ററിന് സമാനമായ സേവനമാണ് ത്രെഡ്‌സ്. ഇന്ത്യയിലുള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ യൂണിയനില്‍ ത്രെഡ്‌സ് അവതരിപ്പിച്ചത്.

ഉപഭോക്തൃവിവര സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനിലെ കര്‍ശനമായ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ത്രെഡ്‌സ് അവതരിപ്പിക്കുന്നത് വൈകിയത്. യൂറോപ്യന്‍ യൂണിയനില്‍ ഓഗസ്റ്റ് മുതല്‍ നിലവില്‍വന്ന ഡിജിറ്റല്‍ സര്‍വീസസ് ആക്ട് ആണ് ത്രെഡ്‌സ് അവതരിപ്പിക്കുന്നതിന് മെറ്റയ്ക്ക് തടസമായത്.

വലിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പന ചെയ്തതാണ് ഈ നിയമം. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും പ്ലാറ്റ്‌ഫോമിന്റെ അല്‍ഗൊരിതവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്കുമുന്നില്‍ സുതാര്യത പാലിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും ഡിജിറ്റല്‍ സര്‍വീസസ് ആക്ട് ഉള്‍ക്കൊള്ളുന്നു.

ലൊക്കേഷന്‍ ഡാറ്റ, ബ്രൗസിങ് ഹിസ്റ്ററി ഉള്‍പ്പടെ ഫോണിലെ നിരവധി വിവരങ്ങളിലേക്കുള്ള അനുവാദം ത്രെഡ്‌സിന് ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന് വേണ്ടി എന്തെല്ലാം മാറ്റങ്ങളാണ് ത്രെഡ്‌സില്‍ വരുത്തിയത് എന്ന് വ്യക്തമല്ല. യൂറോപ്പിലെ ഉപഭോക്താക്കളെ ത്രെഡ്‌സിലേക്ക് സ്വാഗതംചെയ്തുകൊണ്ട് സക്കര്‍ബര്‍ഗ് ത്രെഡ്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അവതരിപ്പിച്ച് ആദ്യ ആഴ്ചയില്‍ തന്നെ 10 കോടിയിലേറെ ഉപഭോക്താക്കളാണ് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്തത്. എന്നാല്‍, ഇത് പിന്നീട് ഗണ്യമായി കുറഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന് സക്കര്‍ബര്‍ഗ് തന്നെ വെളിപ്പെടുത്തി. ഉപഭോക്താക്കളെ നിലനിര്‍ത്താനും തിരിച്ചുകൊണ്ടുവരാനും പിന്നീട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചെങ്കിലും എക്‌സിന് (ട്വിറ്റര്‍) ലഭിച്ച സ്വീകാര്യത പിടിച്ചുപറ്റാന്‍ ത്രെഡ്‌സിന് ഇതുവരെ സാധിച്ചിട്ടില്ല. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയേക്കാള്‍ കുറവാണ് ത്രെഡ്‌സിലെ സജീവ ഉപഭോക്താക്കളുടെ എണ്ണം.

Top