ന്യൂയോര്‍ക്ക്: 2022 ലെ മൂന്നാം പാദത്തിൽ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തില്‍ നാല് ശതമാനം ഇടിഞ്ഞു. മെറ്റയുടെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ആപ്പിന് മൂന്നാംപാദത്തില്‍ ശരാശരി 1.984 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളുണ്ടെന്നാണ് മെറ്റ പറയുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് ഏകദേശം 16 ദശലക്ഷത്തിലധികം അംഗങ്ങള്‍ കൂടുതലാണ് ഇത്.
2021 അവസാന പാദത്തില്‍ ദിവസം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 1 ദശലക്ഷം ഇടിഞ്ഞിരുന്നുവെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം മെറ്റയുടെ പ്രധാന വരുമാനമായ പരസ്യ വരുമാനത്തില്‍ കുറവ് വരുന്നതും. അതേ സമയം ചിലവ് കൂടുന്നതുമാണ് വരുമാനം ഇടിയാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും മെറ്റയുടെ മെറ്റവേര്‍സ് ശ്രമങ്ങള്‍ക്ക് വലിയ തോതില്‍ പണം ചിലവഴിക്കുന്നെങ്കിലും അത് വരുമാനം ഒന്നും ഇതുവരെ നല്‍കുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പറയുന്നത്.
വെറൈറ്റി റിപ്പോര്‍ട്ട് പ്രകാരം 2022 മൂന്നാം പാദത്തിൽ മെറ്റാ മൊത്തം വരുമാനം 27.71 ബില്യൺ ഡോളറും അറ്റവരുമാനം 4.4 ബില്യൺ യുഎസ് ഡോളറുമാണ്. ഇത് നേരത്തെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രവചിച്ച വരുമാനത്തേക്കാള്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍പുള്ള പാദത്തില്‍ വരുമാനത്തില്‍ 1 ശതമാനം നഷ്ടമാണ് മെറ്റ നേരിട്ടത്.
ആൽഫബെറ്റും (ഗൂഗിളിന്റെയും യൂട്യൂബിന്റെയും മാതൃകമ്പനി) 2022 മൂന്നാം പാദത്തില്‍ വരുമാന നഷ്ടം റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ പരസ്യവരുമാനത്തില്‍ ഗൂഗിളിനും വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിവരം.