ട്വിറ്ററിനു ബദലായി ടെക്സ്റ്റിന് പ്രാധാന്യം നല്‍കി മെറ്റ പുറത്തിറക്കുന്ന ത്രഡ്സ് നാളെ ലോഞ്ച് ചെയ്യും. അടുത്തദിവസം മുതല്‍ ത്രഡ്സ് ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാകും. ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് ട്വിറ്ററിന് സമാനമായ ഡാഷ് ബോര്‍ഡാണെന്നാണ് ലഭിക്കുന്ന സൂചന. ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നിന്ന് വിഭിന്നമായി എഴുത്തിന് പ്രാധാന്യം നല്‍കുന്ന ആപ്പായിരിക്കും ത്രെഡ്സ്. പുതിയ പരിഷ്‌കാരങ്ങള്‍ കാരണം ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കില്‍ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് മെറ്റയുടെ ത്രെഡ്സ് ഭീഷണിയായേക്കുമെന്നാണ് കരുതുന്നത്.
ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും ത്രെഡിന്റെ പ്രവര്‍ത്തനം. അത്കൊണ്ട് തന്നെ ഉപയോക്താവിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരെയും ഉപയോക്താവ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരെയും നേരിട്ട് ത്രെഡിലേക്ക് മാറ്റാനാകും. ഇത് ത്രെഡ്സിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ത്രെഡ്സ് ആപ്പ് സൗജന്യമായിരിക്കുമെന്നും ഉപയോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷ.