തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ബാക്കി എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് , വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം, വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, മഴ മനുഷ്യരേയും കന്നുകാലികളേയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.
രാത്രിയോടെ വടക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ഉണ്ട്. ശ്രീലങ്കയ്ക്ക് സമീപം നിലനിന്ന ചക്രവാതചുഴി കേരളത്തിനു മുകളിലൂടെ സഞ്ചരിച്ച് അറബിക്കടലില്‍ എത്തിയതാണ് മഴ ലഭിക്കാന്‍ കാരണം. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.ഏറ്റവും പുതിയ റഡാര്‍ ചിത്രം അനുസരിച്ച് ഇടുക്കി, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.