ഡല്‍ഹി: കണ്ണൂര്‍ വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
വി സി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ജസ്റ്റിസ് ജെ ബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്. നിര്‍ണായക നിരീക്ഷണങ്ങളാണ് കോടതിയില്‍ നിന്ന് ഇതുസംബന്ധിച്ച് ഉണ്ടായത്. ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
ഹര്‍ജിക്കാരുടെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി പറഞ്ഞു. വിസിയുടെ പുനര്‍ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തില്‍ കോടതി തീരുമാനത്തിലെത്തി.
60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സര്‍വ്വകലാശാല ചാന്‍സലര്‍ എന്ന രീതിയിലാണ് ഗവര്‍ണര്‍ ഈ നിയമനം നടത്തേണ്ടത്. എന്നാല്‍, തനിക്ക് മേല്‍ ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ന നിമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തല്‍. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയത് അധികാരം ദുര്‍വിനിയോഗം ചെയ്യലാണ്. അത് അംഗീകരിച്ച ഹൈക്കോടതി തെറ്റായ വിധി പ്രസ്താവിച്ചു എന്നും കോടതി വിമര്‍ശിച്ചു. യുജിസി ചട്ടങ്ങള്‍ മറികടന്നുള്ള ഈ നിയമനം രാഷ്ട്രീയ നിയമനമാണെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് ഇന്നത്തെ സുപ്രീം കോടതിയുടെ നടപടി.
സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍ നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം. ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് നിയമനം തുടങ്ങിയ വാദങ്ങള്‍ ആണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്. പുനര്‍ നിയമനത്തിന് മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം.