തിരുവനന്തപുരം: കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തരവിന്റെ ഫയല്‍ റവന്യൂ വകുപ്പിലില്ലെന്ന് വിവരാവകാശ മറുപടി. കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്ക് തത്ത്വത്തില്‍ അഗീകാരം നല്‍കി റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ (198/2016/റവന്യൂ) മാര്‍ച്ച് ഒന്നിനാണ് ഉത്തരവിറക്കിയത്. മാര്‍ച്ച് അഞ്ചിന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഈ ഉത്തരവ് വിവാദമായിരുന്നു. വിവരാവകാശനിയമം അനുസരിച്ച് ഉത്തരവ് സംബന്ധിച്ച നടപ്പ് ഫയലും കുറിപ്പ് ഫയലും ആവശ്യപ്പെട്ട് മാര്‍ച്ച് അഞ്ചിനാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍, ഏപ്രില്‍ നാലിന് റവന്യൂ വകുപ്പിലെ സംസ്ഥാന പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടി അനുസരിച്ച് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വാങ്ങിയിട്ട് തിരിച്ചു നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ സമര്‍പ്പിച്ചത്. ഫയല്‍ തിരികെ ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന മറുപടിയാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.
വിവരാവകാശമനുസരിച്ചുള്ള അപേക്ഷ ലഭിക്കുമ്പോള്‍ റവന്യൂ വകുപ്പില്‍നിന്ന് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയിരുന്നു. ഉത്തരവ് വിവാദമായ ദിവസംതന്നെയാണ് റവന്യൂ വകുപ്പില്‍നിന്ന് മെത്രാന്‍ കായല്‍ സംബന്ധിച്ച മുഴുവന്‍ ഫയലും മുഖ്യമന്ത്രിയുടെ ഓഫിസ് വാങ്ങിയത്. ഫയല്‍ പരിശോധനക്കാണ് വാങ്ങിയതെങ്കില്‍ അതു മടക്കി നല്‍കേണ്ടതാണ്.
ഉത്തരവിറക്കിയത് റവന്യൂ വകുപ്പ് ആയതിനാല്‍ ഫയല്‍ സൂക്ഷിക്കുന്നതിനുള്ള അധികാരം അവര്‍ക്കാണ്.
എന്നാല്‍, വിവരാവകാശനിയമമനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനുപോലും പുറത്തുനല്‍കാതെ ഫയല്‍ പിടിച്ചുവെക്കാന്‍ അവകാശമില്ല. അതുപോലെ വിവരാവകാശനിയമം അനുസരിച്ച് നല്‍കാന്‍ കഴിയാത്ത രഹസ്യസ്വഭാവമുള്ളതാണെങ്കില്‍ അതിന്റെ കാരണവും പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വ്യക്തമാക്കേണ്ടതുണ്ട്.