കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നികത്താനായി വിട്ടുകൊടുത്തതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട മെത്രാന്‍കായലില്‍ കൃഷിയിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ചേര്‍ന്നാണ് മെത്രാന്‍കായല്‍, ആറന്മുള എന്നിവിടങ്ങളില്‍ കൃഷിയിറക്കാനുളള പദ്ധതി തയ്യാറാക്കുന്നത്.
ഈ മാസം 17നകം പദ്ധതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറിയും മെത്രാന്‍ കായല്‍ ഉള്‍പ്പെടുന്ന കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും വിവരങ്ങളുണ്ട്.
മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു സ്‌റ്റേ.
ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവിടെ അതുവരെ നികത്തല്‍ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും മുന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെത്രാന്‍കായല്‍, കടമക്കുടി നികത്തല്‍ ഉത്തരവുകള്‍ പിന്‍വലിച്ചു. കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും മണ്ണിട്ടു നികത്താനായിരുന്നു മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പദ്ധതി വിവാദമായതോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്തു വന്നു. ഇതെല്ലാം കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കണമെന്ന് മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
2010 ജൂലൈ 17ന് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവ് തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വകാര്യവ്യക്തികളുടേയോ കമ്പനികളുടേയോ കയ്യിലുള്ള നെല്‍വയലുകളില്‍ കൃഷി ചെയ്യാനുള്ള നിയമപരമായ സാധ്യതയും കൃഷിവകുപ്പ് തേടുന്നുണ്ട്.