ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിന്‍ ഇന്ത്യയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തും മാധ്യമ പ്രവര്‍ത്തക രംഗത്തും വലിയ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നിരന്തരമായി ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന ആളുകളെ മാനസിക രോഗികളാക്കി മുദ്രകുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 5 കോടി ഇന്ത്യക്കാര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് (ഡിപ്രഷന്‍). ലോകത്തിലെ തന്നെ ഏറ്റവുമധികം ഡിപ്രഷന്‍, സീസോഫ്രീനിയ, ബൈ പോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആത്മഹത്യ പ്രവണതയും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. ലോകത്ത് മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതില്‍ പകുതി പേര്‍ മാത്രമാണ് അതിന് ചികിത്സ തേടുന്നത്.
100,000 ത്തില്‍ 6.3 ശതമാനം ആളുകള്‍ ഇന്ത്യയില്‍ ബലാത്സംഗത്തിന് ഇരകളാകുന്നു എന്നാണ് ശരാശരി കണക്ക്. ലോകരാജ്യങ്ങളുടെ കണക്ക് വച്ച് നോക്കുമ്പോള്‍ ഇത് അത്ര ഉയര്‍ന്ന ശതമാനമല്ല. എന്നാല്‍, ലൈവ്മിന്റിന്റെ കണക്കു പ്രകാരം 99 ശതമാനം ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇത് ശരിയാണെങ്കില്‍ ലോകരാജ്യങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ്.
ഓണ്‍ലൈനിലൂടെയുള്ള ലൈംഗികാതിക്രമങ്ങളാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. 2017ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയില്‍ മൂന്നില്‍ രണ്ട് സ്ത്രീകളും വിവിധ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. യുകെ, യുഎസ് ഉള്‍പ്പെടെ 8 രാജ്യങ്ങളില്‍ നിന്നുള്ള 4000 സ്ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. പലരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങളില്‍ ബലഹീനരായിപ്പോകുന്നു. ശരിയായ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.
വലിയ അളവില്‍ ലൈംഗികാതിക്രണങ്ങള്‍ നടക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലായി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഉള്ളത്.
മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് ആണ് മാനസികാരോഗ്യ രംഗത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമം. മീ ടൂ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനും സൈക്കോളജിക്കലായി അതിന് പരിഹാരം കണ്ടെത്താനും സാധിക്കും. ബലാത്സംഗ വിഷയങ്ങള്‍ അതു കൂടി കണക്കിലെടുത്തു വേണം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളും നയരൂപീകരണങ്ങളും ഇന്ത്യയില്‍ നടത്താനെന്നാണ് വിദഗ്ധാഭിപ്രായം.