മീടൂ; കശ്മീര്‍ സൈനികനെതിരെ ആരോപണവുമായി മുംബൈ യുവതി

ന്യൂഡല്‍ഹി: മീടൂവില്‍ ഞെട്ടി ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സൈനികനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി മുംബൈ യുവതിയും പങ്കാളിയും രംഗത്ത്. ഹഫിങ്ടണ്‍ പോസ്റ്റാണ് പരാതി പുറത്ത് വിട്ടത്. കശ്മീരിലെ മനാസ്ബാല്‍ സൈനികപ്പാളയത്തില്‍ വെച്ചാണ് തനിക്കും ഭര്‍ത്താവിനും മാനസികവും ശാരീരികവുമായ അക്രമത്തിന് ഇരയാകേണ്ടി വന്നതെന്ന് യുവതി പറഞ്ഞു. 2017 ഡിസംബറിലാണ് യുവതിയും ഭര്‍ത്താവും കശ്മീര്‍ സന്ദര്‍ശിക്കുന്നത്. മുമ്പ് തീരുമാനത്തിലില്ലാത്ത മനാസ്ബാല്‍ സൈനികപ്പാളയത്തിലേക്ക് പോവാന്‍ ഭര്‍ത്താവിന്റെ ജോര്‍ജിയന്‍ സ്‌ക്കൂള്‍ ബന്ധമാണ് കാരണം. കിംങ് ജോര്‍ജ് റോയല്‍ ഇന്ത്യന്‍ മിലിട്ടറി സ്‌ക്കൂളില്‍ പഠിച്ചിറങ്ങിയവരെയാണ് ‘ജോര്‍ജിയന്‍സ്’ എന്ന് അഭിസംബോധനം ചെയ്യാറ്. ബംഗളൂരു, അജ്മീര്‍, ചാലി, ബെല്‍ഗാം, ദോല്‍പ്പൂര്‍ എന്നിവിടങ്ങളിലാണ് കിംങ് ജോര്‍ജ് റോയല്‍ ഇന്ത്യന്‍ മിലിട്ടറി സ്‌ക്കൂളുകള്‍ സ്ഥിതി ചെയ്യുന്നത്.

ദമ്പതികള്‍ ജോര്‍ജിയനായ ലെ. കേണല്‍ നാഗരാജിനെ കണ്ടെത്തുകയും അദ്ദേഹം ഇവരെ മനാസ്ബാല്‍ സൈനികപ്പാളയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. 2018 ജനുവരി ഒന്നിന് ദമ്പതികള്‍ മനാസ്ബാലില്‍ എത്തുകയും, ഒരു തോക്ക് കേണല്‍ നാഗരാജ് പരിചയപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. ഈ പരിചയപ്പെടുത്തലെല്ലാം മാനസികമായും ശാരീരികമായും തങ്ങളെ തകര്‍ക്കാനായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് യുവതി ആരോപിച്ചു.

മനാസ്ബാലിലെ പിന്നീടുള്ള രാത്രി പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് ദമ്പതികള്‍ വ്യക്തമാക്കി. ജനുവരി രണ്ടിന് ന്യൂ ഇയര്‍ പാര്‍ട്ടിക്ക് ക്ഷണിച്ച കേണല്‍ നാഗരാജ് അവിടെ വെച്ച് തന്റെ ശരീരത്തില്‍ അപ മര്യാദയായി സ്പര്‍ശിച്ചതായി യുവതി പറയുന്നു. ആദ്യം സ്പര്‍ശിച്ചപ്പോള്‍ അറിയാതെയെന്ന് തെറ്റിധരിച്ചെങ്കിലും പിന്നീട് കേണല്‍ നാഗരാജ് മനപ്പൂര്‍വം ഉപയോഗിക്കുകയാണെന്ന് മനസ്സിലായെന്ന് യുവതി പറയുന്നു.

ഇത് അപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന ലെ. കേണല്‍ അനില്‍ ചൗധരിയെ ധരിപ്പിച്ചു. എന്നാല്‍, രു പ്രയോജനവുമുണ്ടായില്ല. ‘എനിക്ക് പൊട്ടിക്കരയാന്‍ തോന്നി, പക്ഷെ എന്റെ മുഖം പൊത്തി പിടിച്ചത് പോലെയായിരുന്നു’; യുവതി ഭയപ്പാടോടെ പറഞ്ഞു.

ആദ്യം പരിചയപ്പെടുത്തിയ തോക്കും അത് വരെയുള്ള കാര്യങ്ങളും ആലോചിച്ച ദമ്പതികള്‍ ഏത് നിമിഷവും കൊല്ലപ്പെടാം എന്ന അവസ്ഥയില്‍ എത്തി ചേര്‍ന്നെന്നും, പേടിച്ചരണ്ട തങ്ങള്‍ പിറ്റേന്ന് രാവിലെ വരെ ബാത്ത് റൂമില്‍ കഴിയുകയായിരുന്നെന്നും പറയുന്നു.

പിറ്റേന്ന് രാവിലെ തന്നെ മനാസ്ബാല്‍ വിട്ട ദമ്പതികള്‍ പോകുന്നതിന് മുമ്പ് തന്നെ സുഹൃത്തായ സൈനികനോട് പരാതി പറയുകയും അദ്ദേഹം അത് വേറൊരു ജോര്‍ജിയനായ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ കേസില്‍ ഒന്നും തന്നെ സംഭിവിച്ചില്ല. തുടര്‍ന്ന് നിരവധി ഉയര്‍ന്ന തലത്തിലുള്ള സൈനിക ഉദ്യോഗസ്ഥരെയും മറ്റും കണ്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സൈന്യം തയ്യാറായി. പക്ഷെ പിന്നീടങ്ങോട്ട് പേടിപ്പെടുത്തുന്ന രീതിയിലാണ് അന്വേഷണം നടന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. നിരവധി തവണ വീട്ടിലേക്ക് വിളിക്കുകയും ഫോണും വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു. ഗര്‍ഭിണിയായ യുവതിയെ അന്വേഷണത്തിനായി മനാസ്ബാലിലേക്ക് വിളിച്ചതായും വെളിപ്പെടുത്തലിലുണ്ട്. അന്വേഷണത്തിനായി വിഡിയോ കോളിങ്ങ് ചോദിച്ചപ്പോള്‍ അത് പോലും നിഷേധിച്ചെന്നും തുടര്‍ച്ചയായ മാനസികമായതും പേടിപ്പെടുത്തുന്നതുമായ അന്വേഷണത്തില്‍ മനം മടുത്ത ഗര്‍ഭിണിയായ യുവതി കേസ് ഒഴിവാക്കാനാഗ്രഹിക്കുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

Top