കൊച്ചി: മെത്രാന്‍കായല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മെത്രാന്‍ കായല്‍ നികത്താനുളള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പരിസ്ഥിതി മന്ത്രിയായിരുന്ന തന്നെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടി തെറ്റാണ്. മെത്രാന്‍ കായല്‍ ഏറ്റെടുത്ത് കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്താനുളള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ മുന്നണിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ഇടത് സര്‍ക്കാരാകട്ടെ മെത്രാന്‍ കായലില്‍ ഒരു കര്‍ഷകനെങ്കിലും കൃഷിചെയ്യാന്‍ തയ്യാറായാല്‍ എന്ത് നഷ്ടം സഹിച്ചും കൃഷിയിറക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.